ഗോലി മാരോ സാലോം കോ
Daily News
ഗോലി മാരോ സാലോം കോ
ഫാറൂഖ്
Thursday, 13th February 2020, 2:51 pm
ഭീകരമായ തൊഴിലില്ലായ്മ മൂലം പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കള്‍, വാട്‌സാപ്പിലൂടെ സ്ഥിരമായി ലഭിക്കുന്ന വിദ്വേഷം നിറച്ച സന്ദേശങ്ങള്‍, എളുപ്പം ലഭിക്കാവുന്ന തോക്ക്, പൊലീസിന്റെ പൂര്‍ണ പിന്തുണ, പരസ്യമായി റോഡില്‍ നിരപരാധികള്‍ക്ക് നേരെ നിറയൊഴിക്കുന്നവരെ ഭീകരര്‍ എന്ന് വിളിക്കാന്‍ മടിക്കുന്ന മാധ്യമങ്ങള്‍, 'ഗോലി മാരോ സാലോം കോ' എന്ന മുദ്രാവാക്യം വിളിക്കുന്ന മന്ത്രിമാര്‍, മൗനാനുവാദം നല്‍കുന്ന പ്രധാനമന്ത്രി - രാജ്യ തലസ്ഥാനം പുലിപ്പുറത്തേക്കാണ് കയറുന്നത്, തിരിച്ചിറങ്ങാന്‍ ഒരുപാട് പാട് പെടും.

 

കണ്ണൂരില്‍ സുധാകരന്മാരും ജയരാജന്മാരും ജയകൃഷ്ണന്‍മാരും അങ്കം വെട്ടിക്കൊണ്ടിരുന്ന തൊണ്ണൂറുകളില്‍ ഒരു ദിവസം,  മുഴുപ്പിലങ്ങാട്ടും നടാലും വടിവാളു കൊണ്ടും കോടാലി കൊണ്ടും വെട്ടി ചിതറപ്പെട്ട രണ്ടു മൃതശരീരങ്ങള്‍ കാണേണ്ടി വന്ന ഒരു പ്രാദേശിക പത്ര ലേഖകന്‍ മുകളില്‍ പറഞ്ഞ അങ്കവീരന്മാരില്‍ ഒരാളോട് ചോദിച്ചു – നിങ്ങള്‍ക്ക് വടിവാളും കോടാലിയും ഒഴിവാക്കി തോക്ക് ഉപയോഗിച്ച് തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് ഈ ഭീകര ദൃശ്യങ്ങള്‍ കാണണ്ടി വരില്ലല്ലോ എന്ന്.

ചോദ്യം ചോദിച്ചത് ചരിത്ര ബോധവും ആശയവ്യക്തതയും ഉള്ള ആളോടായതു കൊണ്ടു മറുപടിയും വിശദമായിട്ടായി ചരിത്രം ഉദ്ധരിച്ചു കൊണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ രണ്ടു കാര്യങ്ങള്‍.

ഒന്ന്, കത്തിയും കോടാലിയും ഉപയോഗിച്ച് കൊണ്ടുള്ള അക്രമങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും. തോക്ക് അങ്ങനെയല്ല. അത് സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമുള്ളതാണ്. ആളുകള്‍ തോക്ക് ഉപയാഗിച്ചു പരസ്പരം വെടിവെക്കാന്‍ തുടങ്ങിയാല്‍ അത് പിന്നെ പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന ആഭ്യന്തര യുദ്ധങ്ങളിലേക്കും ആയിരങ്ങളുടെ മരണങ്ങളിലേക്കുമായിരിക്കും നയിക്കുക. അതാണ് ചരിത്രം. അത് കൊണ്ട് ആ കളി തുടങ്ങാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

രണ്ട്, പ്രായോഗിക പ്രശ്‌നം. കത്തിയും കോടാലിയും പോലെ എല്ലാ വീട്ടിലും ഉള്ള സാധനമല്ല തോക്ക്. തോക്ക് ഉണ്ടാക്കാനറിയാവുന്നവര്‍ വളരെ കുറച്ചേ കാണൂ. അവര്‍ക്ക് പണം കൊടുക്കണം, അവരുടെ കയ്യില്‍ നിന്ന് തോക്ക് വാങ്ങി മറ്റുള്ളവര്‍ക്ക് എത്തിക്കണം, തോക്കുണ്ടാകാനുള്ള സാമഗ്രികളും ഉണ്ടകളുമൊക്കെ വേണം. വ്യാപകമായി തോക്ക് ഉപയോഗവും ആഭ്യന്തര യുദ്ധവുമൊന്നുമില്ലാത്ത അവസ്ഥയില്‍ പൊലീസുകാര്‍ക്ക് ഇതൊക്കെ ട്രാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. എല്ലാവരും ജയിലില്‍ പോകും.

ഇന്ത്യയിലെ ഏറ്റവും പോലീസ് സാന്നിധ്യമുള്ള നഗരമാണ് ന്യൂദല്‍ഹി, അതില്‍ തന്നെ ഏറ്റവും പഴുതടച്ചു സുരക്ഷിതമാക്കി വച്ചിരിക്കുന്ന ഭാഗമാണ് പാര്‍ലമെന്റും അതിന്റെ ചുറ്റുപാടും. ഒരു ഈച്ച പറന്നാല്‍ പൊലീസ് അറിയും. പാര്‍ലമെന്റില്‍ നിന്ന് കൂകി വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്താണ് കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ്, കഷ്ടിച്ചു രണ്ടു മിനിറ്റ് നടത്തം.

കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിന്, സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മുമ്പ്, ദല്‍ഹി അക്ഷരാര്‍ഥത്തില്‍ പൊലീസുകാരെ കൊണ്ട് നിറഞ്ഞിരിക്കുന്ന സമയം, കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ്ബില്‍ നവീന്‍ ദലാല്‍ എന്ന ഒരു സംഘപരിവര്‍കാരന്‍ ഉമര്‍ ഖാലിദ് എന്ന ഇടതു പക്ഷ വിദ്യാര്‍ത്ഥി നേതാവിന് നേരെ വെടിവച്ചു. ഭാഗ്യത്തിന് തോക്കിന്റെ കാഞ്ചി കുടുങ്ങി പോയത് കൊണ്ട് ഉമര്‍ ഖാലിദ് രക്ഷപെട്ടു.

പാര്‍ലമെന്റിന് തൊട്ടരികെ ഒരാള്‍ തോക്കുമായി വന്നു വെടിയുതിര്‍ക്കുന്നത് ഭീകരാക്രമണം എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്. ആ ചുറ്റുപാട് മുഴുവന്‍ ആളുകളെ ഒഴിപ്പിച്ചു, കമാന്റോകളെ നിരത്തി, വന്‍ തീവ്രവാദ വേട്ടക്ക് വഴിയൊരുങ്ങേണ്ടതാണ്. പക്ഷെ ഒന്നും സംഭവിച്ചില്ല.

നവീന്‍ ദലാലിനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജാമ്യത്തില്‍ വിട്ടു. കമ്മ്യൂണിസ്‌റ് മാനിഫെസ്റ്റോ കയ്യില്‍ വച്ചതിന് ആളുകളെ യു.എ.പി.എ ചുമത്തി പത്തും പതിനഞ്ചും കൊല്ലം ജയിലിലിടുന്ന നാടാണ്. അവിടെയാണ് ഒരു തോക്കുമായി പാര്‍ലമെന്റിന്റെ തൊട്ടരികില്‍ വന്നു വെടി വച്ചവനെ പെറ്റി കേസ് എടുത്തു ജാമ്യത്തില്‍ വിടുന്നത്.

അയാള്‍ക്ക് തോക്ക് എവിടുന്ന് കിട്ടിയെന്നോ, തോക്കിന് പണം ആര് കൊടുത്തെന്നോ, അത് ദല്‍ഹിയിലേക്ക് ആര് എത്തിച്ചു കൊടുത്തുവെന്നോ, തോക്ക് നിര്‍മിച്ചത് ആരാണെന്നോ അന്വേഷിച്ചില്ല. അഥവാ അന്വേഷിച്ചിട്ടുണ്ടെങ്കിലും ആറു മാസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ദല്‍ഹി പോലീസിനെ ഭരിക്കുന്നത് അമിത് ഷാ ആണ്. അമിത് ഷായുടെ സന്ദേശം കൃത്യമായിരുന്നു. നിങ്ങള്‍ സംഘപരിവര്‍കാരനാണോ, ഒരു തോക്കുമായി ദല്‍ഹിയില്‍ വന്നോളൂ, ആരെ വേണമെങ്കിലും വെടിവെച്ചോളൂ, ഒന്നും പേടിക്കാനില്ല.

അതിനു ഫലമുണ്ടായി. പത്തഞ്ഞൂറ് പൊലീസുകാര്‍ നോക്കി നില്‍ക്കെ ഒരുത്തന്‍ തോക്കും ഉയര്‍ത്തി പിടിച്ചു നാലഞ്ചു പഞ്ചുഡയലോഗും പറഞ്ഞു ജാമിഅ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ നേരെ നടന്നു ചെന്നു.

ഏറ്റവും സുരക്ഷിതത്വം വേണ്ട രാജ്യ തലസ്ഥാനം എന്ന നിലയില്‍ ദല്‍ഹിയിലെ പൊലീസുകാര്‍ക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ളതാണ്. മാത്രമല്ല, തോക്കും ഉയര്‍ത്തി പിടിച്ചു നടക്കുന്ന ഒരു ഭീകരവാദിയെ വെടിവെച്ചിടാന്‍ ഒരു പൊലീസുകാരനും മടിക്കേണ്ട ആവശ്യവുമില്ല. പക്ഷെ ഒരു പൊലീസുകാരനും അനങ്ങിയില്ല. ഒരു വിദ്യാര്‍ത്ഥിക്ക് വെടി കൊണ്ടു.

ഇയാള്‍ എത്രയോ മാസങ്ങളായി താന്‍ ആക്രമണം തുടങ്ങാന്‍ പോകുകയാണെന്നും തോക്കു സംഘടിപ്പിക്കുകയാണെന്നും മറ്റും സ്വന്തം പേരിന്റെ കൂടെ രാംഭക്ത് എന്ന് ചേര്‍ത്ത ഫേസ്ബുക്ക് ഐഡിയില്‍ പോസ്റ്റുകള്‍ ഇട്ടു കൊണ്ടിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ അരിച്ചു പെറുക്കി രാജ്യദ്രോഹ കേസുകള്‍ വാരിവിതറുന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊന്നും ഇയാളെപ്പറ്റി എന്തെങ്കിലും അന്വേഷിക്കണമെന്ന് തോന്നിയില്ല.

അയാളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന സംഘപരിവാറുകാരെയാണ് പിന്നീട് ടെലിവിഷന്‍ മുഴുവന്‍ കണ്ടത്. അയാള്‍ക്ക് പതിനേഴു വയസ്സേ ഉള്ളൂ എന്നും മാനസികമായി പക്വത വന്നിട്ടില്ലെന്നും വിശദീകരണങ്ങള്‍ വന്നു. അതിനു പരിഹാരമായിട്ടായിരിക്കും, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതെ ജാമിഅയില്‍ പ്രായപൂര്‍ത്തിയും പക്വതയും ഒത്ത രണ്ടുപേര്‍ നിറതോക്കുകളുമായി വന്നു വീണ്ടും വെടിവെച്ചു. രണ്ടു പേര് ഒന്നിച്ചു തോക്കുമായി വരുമ്പോള്‍ ഒരു കാര്യം ഉറപ്പാണ് – ഒരു ഗൂഢാലോചനയ്ക്ക് ശേഷമാണ് അവര്‍ വന്നിട്ടുള്ളത്. പക്ഷെ അതിന്റെ പേരിലും ആരെയും അറസറ്റ് ചെയ്തിട്ടില്ല.

ഈ മാസം ഒന്നാം തിയ്യതി, ഷാഹീന്‍ ബാഗില്‍ തോക്കുമായി മതില്‍ ചാടി വന്ന കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരന്‍ വെടിയുതിര്‍ത്തു കൊണ്ടിരിക്കുമ്പോഴും പതിവ് പോലെ പൊലീസ് അനങ്ങിയില്ല. പ്രക്ഷോഭകര്‍ ഇയാളെ പിടിച്ചു പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ഒരു പൊതുയോഗത്തില്‍ ‘ ഗോലി മാരോ സാലോം കോ ‘ എന്ന മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും ആയിരക്കണക്കിന് അനുയായികള്‍ അത് ഏറ്റു വിളിക്കുകയും ചെയ്തതിന്റെ പിറ്റേന്നാണ് ഈ സംഭവം നടക്കുന്നത്. അനുയായികളോട് തോക്കെടുത്തു വെടിവെക്കാന്‍ പറയുന്ന മന്ത്രി ആഭ്യന്തര യുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ചില സബ്-സഹാറന്‍ രാജ്യങ്ങളില്‍ പോലും ഉണ്ടാകില്ല.

ഇന്നലെയും ദല്‍ഹിയില്‍ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആം ആദ്മി എം.എല്‍.എ നരേഷ് യാദവിന്റെ വിജയാഘോഷയാത്രക്ക് നേരെ കല്ലു എന്നൊരാളാണ് വെടിവെച്ചത്. എം.എല്‍.എയുടെ തൊട്ടുപിറകില്‍ നില്‍ക്കുകയായിരുന്ന അശോക് മാന്‍ എന്ന എ.എ.പി പ്രവര്‍ത്തകന്‍ തല്‍ക്ഷണം മരിച്ചു.

ഈ തോക്കുകളൊക്കെ വരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പി യുടെ സര്‍ക്കാരാണ് അവിടെയും ഭരിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞത് പോലെ തോക്കുണ്ടാക്കുന്നവരെയും വില്‍ക്കുന്നവരെയുമൊക്കെ കണ്ടു പിടിക്കുന്നത് പൊലീസ് വിചാരിച്ചാല്‍ താരതമ്യേന എളുപ്പമാണ്.

കഴിഞ്ഞ ജൂലൈയില്‍ ഒരു കൂട്ടം ഗുജ്ജര്‍ സമുദായക്കാര്‍ ഭൂമിക്കു വേണ്ടി ദളിതര്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് കടന്ന് കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് പത്തുപേരെ കൊന്നതിനെ തുടര്‍ന്ന് തോക്കു നിര്‍മാണം തടയണം എന്ന മുറവിളി ഉയര്‍ന്നിരുന്നു. യോഗി സര്‍ക്കാര്‍ കണ്ണടച്ചു.

ഉത്തര്‍പ്രദേശില്‍ തോക്കു നിര്‍മാണം പുതിയ കാര്യമല്ലെങ്കിലും രാജ്യ തലസ്ഥാനത്തേക്ക് അത്രയെളുപ്പം തോക്കുകള്‍ കൊണ്ട് വരാന്‍ കഴിഞ്ഞിരുന്നില്ല, അമിത്ഷാ ആഭ്യന്തര മന്ത്രിയാകുന്നത് വരെ. തോക്കു കൊണ്ടുള്ള കളി പുതിയതല്ല ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവര്‍ക്ക്.

ഗുജറാത്തില്‍ മോദി-അമിത്ഷാ ഭരണകാലത്തൂ മുന്‍ ആഭ്യന്തര മന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായ ഹരേണ്‍ പാണ്ഡ്യ ഉള്‍പ്പടെ നിരവധി പേര്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഹരേണ്‍ പാണ്ഡ്യേയുടെ ഭാര്യ ജാഗൃതി പാണ്ഡ്യ പരസ്യമായി അന്നത്തെ ഗുജറാത്ത് സര്‍ക്കാരാണ് തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതെന്ന് ആരോപിച്ചിട്ടുമുണ്ട്.

പക്ഷെ അത്തരം ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ പോലെയല്ല രാജ്യ തലസ്ഥാനത്തു ഭീകരവാദികള്‍ പൊലീസിനെ പേടിക്കാതെ തോക്കുമേന്തി നടക്കുന്നത്. ചില രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് ബിസിനസുകാരോ നയതന്ത്ര ഉദ്യോഗസ്ഥരോ യാത്ര ചെയ്യുമ്പോള്‍ സ്വന്തം ബോഡി ഗാര്‍ഡുകളുമായാണ് പോകുന്നത്. ദല്‍ഹിയിലും ഇനി അങ്ങനെ പോകേണ്ടി വരുമല്ലോ എന്നാണ് ഒരു ബിസിനെസ്സുകാരന്‍ കഴിഞ്ഞ ദിവസം അദ്ഭുതം പ്രകടിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും ലാഭകരമായ കച്ചവടങ്ങളില്‍ ഒന്നാണ് ആയുധ കച്ചവടം. ഭരിക്കുന്നവരുടെ മൗനാനുവാദം ഉണ്ടെന്ന് കണ്ടാല്‍ തോക്കു കച്ചവടക്കാര്‍ ലാഭം കൊയ്യാനിറങ്ങും. എല്ലാ പക്ഷത്തുള്ളവര്‍ക്കും ആവശ്യം പോലെ തോക്ക് കിട്ടും.

അത് കൊണ്ടാണ് യൂ.എന്‍ ഹെലികോപ്റ്ററില്‍ ഭക്ഷണ പൊതികള്‍ എറിഞ്ഞു കൊടുക്കുമ്പോള്‍ അത് പെറുക്കാന്‍ ഓടി വരുന്ന എല്ലുന്തിയ ആഫ്രിക്കന്‍ കുട്ടികളുടെ തോളത്തു എ.കെ 47 തോക്കുകള്‍ കാണുന്നത്. ആഫ്രിക്കയില്‍ കലാപങ്ങളും ആഭ്യന്തരയുദ്ധങ്ങളും ഒന്നൊന്നായി അവസാനിക്കുമ്പോള്‍ പുതിയ മാര്‍ക്കറ്റ് നോക്കി നടക്കുകയാണ് ആയുധ കച്ചവടക്കാര്‍.

ഭീകരമായ തൊഴിലില്ലായ്മ മൂലം പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കള്‍, വാട്‌സാപ്പിലൂടെ സ്ഥിരമായി ലഭിക്കുന്ന വിദ്വേഷം നിറച്ച സന്ദേശങ്ങള്‍, എളുപ്പം ലഭിക്കാവുന്ന തോക്ക്, പൊലീസിന്റെ പൂര്‍ണ പിന്തുണ, പരസ്യമായി റോഡില്‍ നിരപരാധികള്‍ക്ക് നേരെ നിറയൊഴിക്കുന്നവരെ ഭീകരര്‍ എന്ന് വിളിക്കാന്‍ മടിക്കുന്ന മാധ്യമങ്ങള്‍, ‘ഗോലി മാരോ സാലോം കോ’ എന്ന മുദ്രാവാക്യം വിളിക്കുന്ന മന്ത്രിമാര്‍, മൗനാനുവാദം നല്‍കുന്ന പ്രധാനമന്ത്രി – രാജ്യ തലസ്ഥാനം പുലിപ്പുറത്തേക്കാണ് കയറുന്നത്, തിരിച്ചിറങ്ങാന്‍ ഒരുപാട് പാട് പെടും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖിന്റെ ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ