സംഭാലിലെ മസ്ജിദ് സര്‍വേക്കിടെയുണ്ടായ വെടിവെപ്പ്; മരണം ആറായി
national news
സംഭാലിലെ മസ്ജിദ് സര്‍വേക്കിടെയുണ്ടായ വെടിവെപ്പ്; മരണം ആറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2024, 10:54 pm

ലഖ്‌നൗ: യു.പിയിലെ സംഭാല്‍ ജില്ലയിലെ ഷാഹി മസ്ജിദിലെ സര്‍വേക്കിടെയുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ടവരുടെ എണ്ണം ആറായി. വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ചികിത്സയില്‍ കഴിയുകയായിരുന്ന മറ്റൊരു യുവാവായ മുഹമ്മദ് അയാന്‍ മരിച്ചിരുന്നു.

ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കെതിരായുള്ള പ്രതിഷേധത്തിലിടയിലുണ്ടായ വെടിവെപ്പിലാണ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായ പ്രദേശവാസികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

സംഭാലിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകൂടത്തിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ പ്രതിഷേധത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ഒരു സര്‍വേ സംഘത്തെ ബോധപൂര്‍വം മസ്ജിദിലേക്ക് അയച്ചതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിക്കുകയായിരുന്നു.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Firing during mosque survey in Sambhal; death toll rise to Six