ന്യൂദല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 4 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യക്തതയില്ലാതെ സൈനിക നേതൃത്വവും പൊലീസും. ബുധനാഴ്ച പുലര്‍ച്ചെ 4.35നാണ് ആയുധധാരികളായ രണ്ട് പേര്‍ ഉറങ്ങിക്കിടന്ന സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്.
തോക്കും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം. രാജ്യത്തെ ഏറ്റവും വലിയ കരസേനാ കേന്ദ്രങ്ങളിലൊന്നാണ് ഭട്ടിന്‍ഡയിലേത്.
ആര്‍. കമലേഷ്, സന്തോഷ്. എം. നഗരാല്‍, സാഗര്‍ ബന്നെ, ജെ. യോഗേഷ് കുമാര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക കേന്ദ്രത്തിലെ ഓഫീസേഴ്‌സ് മെസ്സിന് പിന്നിലുള്ള ബാരക്കില്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന സൈനികരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൈനിക കേന്ദ്രത്തിന് പുറത്തുള്ളവരോ ഭീകരരോ അല്ല ആക്രമണം നടത്തിയതെന്ന് പൊലീസ് എ.ഡി.ജി.പി സുരീന്ദര്‍ പാല്‍ സിങ് പറഞ്ഞു. സൈനികര്‍ തന്നെയാകാം വെടിവെയ്പിന് പിന്നിലെന്ന സംശയം പൊലീസിനുണ്ട്.
എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് സൈനിക നേതൃത്വം. അക്രമികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊലയ്ക്ക് പിന്നില്‍ സേനാംഗങ്ങളാകാമെന്ന് സംശയമുണ്ടെങ്കിലും, മറ്റേതെങ്കിലും തരത്തിലുള്ള ആസൂത്രണം ഇതിന് പിന്നിലുണ്ടോ എന്ന ചോദ്യങ്ങളുമുയരുന്നുണ്ട്.
സൈനിക കേന്ദ്രത്തിലെ ഗാര്‍ഡ് റൂമില്‍ നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സാസ് തോക്കും വെടിയുണ്ടകളും കാണാതായിരുന്നു. ആക്രമണത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ തോക്ക് കണ്ടെത്തിയിരുന്നു. ഈ തോക്ക് ഉപയോഗിച്ചാണോ ആക്രമണം നടത്തിയതെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. തോക്ക് ഫൊറന്‍സിക് പരിശോധനക്ക് അയച്ചു.
സാധാരണ ഗതിയില്‍ സേനാംഗങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടാകുന്ന പ്രകോപനങ്ങളുടെ പുറത്താണ് ആക്രമണങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഭട്ടിന്‍ഡയിലെ കേന്ദ്രത്തില്‍ സൈനികര്‍ക്കിടയില്‍ സംഘര്‍ഷങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നതും രണ്ട് ദിവസം മുമ്പ് തോക്കും വെടിയുണ്ടകളും കാണാതായ സാഹചര്യവും പരിഗണിക്കുമ്പോള്‍ ആക്രമണം ആസൂത്രിതമാണോ എന്ന സംശയം ഉയരുന്നുണ്ട്.
Content Highlights: Firing at Punjab Army Camp; The police could not find the attackers