ദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ വധശ്രമം. റഫി മാര്‍ഗിലെ ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവച്ചാണ് ഖാലിദിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ഖാലിദ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമി ആരാണെന്നോ അക്രമത്തിന്റെ പുറകിലുള്ള ഉദ്ദേശമെന്താണെന്നോ വ്യക്തമായിട്ടില്ല. വെടിയുതിര്‍ത്ത ശേഷം തോക്കുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അജ്ഞാതനായ അക്രമി ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടി നിന്നിരുന്നവര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിച്ച് പുറത്തിറങ്ങിയതായിരുന്നു ഖാലിദ്.
“രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം ഭീഷണിയിലാണ്.” അക്രമത്തെക്കുറിച്ച് പ്രതികരിച്ചു കൊണ്ട് ഖാലിദ് പറഞ്ഞു. ഖാലിദിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയും വിദ്യാര്‍ത്ഥി നേതാവുമായ ഷെഹലാ റാഷിദും പ്രതികരിച്ചു.
അതിസുരക്ഷാ മേഖലയായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവച്ചുണ്ടായ ആക്രമണം ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് സംഘപരിവാര്‍ ഉമര്‍ ഖാലിദിനെതിരെ വിദ്വേഷപ്രചരണവുമായി രംഗത്തെത്തിയിരുന്നു. ഖാലിദിനെ രാജ്യദ്രോഹിയെന്നു വിളിച്ചായിരുന്നു പ്രചരണം.