ബെംഗളൂരു: ബെംഗളുരുവില്‍ പടക്ക ഗോഡൗണിന് തീപിടിച്ച് അപകടം. ബെംഗളൂരു ജില്ലയിലെ അത്തിബെലെയില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ വെന്തുമരിച്ചെന്നാണ് പ്രാദേശിക സോഴ്‌സുകളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. രാമസ്വാമി റെഡ്ഡി എന്നയാളുടെ ഉടമസ്ഥതയിലുള്ള അത്തിബെലെ മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണിലേക്ക് ചരക്ക് വാഹനത്തില്‍ നിന്ന് പടക്കം ഇറക്കുന്നതിനിടെയാണ് തിപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോഡൗണിന്റെ അടുത്ത് നിര്‍ത്തിയിട്ടിരുന്ന നാല് വാഹനങ്ങളും അപകടത്തില്‍ കത്തി നശിച്ചു.
തീപിടിത്തം ഉണ്ടാകുമ്പോള്‍ ഗോഡൗണിനുള്ളില്‍ കുറഞ്ഞത് 20 തൊഴിലാളികളെങ്കിലും ഉണ്ടായിരുന്നതായി ബെംഗളൂരു ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് രാത്രി 7.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയത്. പടക്കം പൊട്ടുന്നതിന്റെ വലിയ ശബ്ദവും വെളിച്ചവും ഒരു കിലോമീറ്ററോളം ദൂരത്തില്‍ കാണാമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
Content Highlight: Fireworks shop catches fire in Bengaluru, 11 people burned to death