ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലുണ്ടായ തീപ്പിടുത്തത്തില്‍ 16 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം 12,000ത്തിലധികം കെട്ടിടങ്ങള്‍ നശിച്ചതായും 16 പേര്‍ മരണപ്പെട്ടതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും 11 പേരെ ഈസ്റ്റേണ്‍ ഫയര്‍ സോണില്‍ നിന്നും കണ്ടെത്തിയത്. പാലിസേഡ്‌സ് ഭാഗത്തുണ്ടായ തീപ്പിടുത്തം വടക്കുകിഴക്ക് ഭാഗത്തേക്ക് വ്യാപിക്കുന്നതായും കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വ്യാപകമായി തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ സ്ഥിതി വഷളാവാനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
പാലിസേഡ്‌സ് ഫയറിലെ തീ 20000 ഏക്കറോളം വ്യാപിച്ചതായും കൂടുതല്‍ വീടുകള്‍ കത്തിയമരുന്ന സാഹചര്യം ജനങ്ങളെ മാറി താമസിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ അടച്ചിടാനും വിനോദം, കായികം, കമ്മ്യൂണിറ്റി ഇവന്റുകള്‍ എന്നിവ റദ്ദാക്കണമെന്നും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അന്തരീക്ഷത്തിലെ ഉയര്‍ന്ന അളവിലുള്ള പുക കാരണം സുരക്ഷിതമായ മേഖലകളിലുള്ള ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ പൊതുജനാരോഗ്യ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
അതേസമയം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, നഗരത്തിലെ ദുരന്ത നിവാരണത്തിനുള്ള സജ്ജീകരണങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ തീപ്പിടുത്തത്തിന്റ പ്രാരംഭ ഘട്ടത്തില്‍ ജലവിതരണത്തിലുണ്ടായ ന്യൂനതകള്‍ ഖേദകരമായെന്നും ന്യൂസോം പ്രതികരിച്ചിരുന്നു.
അഗ്‌നിബാധയെക്കുറിച്ച് അന്വേഷണം നടത്താനും ധാരണയായിരുന്നു. അഗ്‌നിബാധയിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങളും ലഭ്യമായി തുടങ്ങിയതായും അഗ്‌നിബാധയെ ചെറുക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി വാള്‍ട്ട് ഡിസ്‌നി കമ്പനി 15 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കാട്ടുതീ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും തീയണയ്ക്കാന്‍ പറ്റാത്തതില്‍ കാലിഫോര്‍ണിയ ഭരണകൂടത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരന്തത്തിന് കാരണം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമാണെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി.
ലോസ് ആഞ്ചലസ് പസഫിക് പാലിസേഡ്‌സ് മേഖലയില്‍ ബുധനാഴ്ച്ചയാണ് കാട്ടുതീ പടര്‍ന്നു പിടിച്ചത്. ലോസ് ആഞ്ചലസിലെ പത്ത് ഏക്കറിലുണ്ടായ കാട്ടുതീ പിന്നീട് 3,000 ഏക്കറിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. പ്രദേശത്തെ ശക്തമായ കാറ്റും തീ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായി. തീയണയ്ക്കാന്‍ 1,400ലധികം അഗ്‌നിശമന സേനാംഗങ്ങളെയാണ് വിന്യസിച്ചത്.
ഏകദേശം 5,700 കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ അഗ്നിബാധയെ തുടര്‍ന്നുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹോളിവുഡിലെ നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ അഗ്നിക്കിരയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് താരങ്ങളായ മാര്‍ക്ക് ഹാമില്‍, മാന്‍ഡി മൂര്‍, ജെയിംസ് വുഡ്‌സ് എന്നിവര്‍ അഗ്നിബാധയെത്തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരില്‍ ഉള്‍പ്പെടും.
Content Highlight: Fires in Los Angeles; The death toll has risen to 16