| Tuesday, 4th February 2020, 11:59 pm

മിന്നാമിനുങ്ങുകള്‍ ഇല്ലാത്ത രാത്രികള്‍; ആ പ്രകാശം അണയുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശരീരം നിറയെ മഞ്ഞ വെളിച്ചവും മിന്നി തെളിയിച്ച് രാത്രികാലങ്ങളില്‍ നിറഞ്ഞ് പറക്കുന്ന മിന്നാമിനുങ്ങുകള്‍… മിന്നാമിന്നിയെന്ന് ഓമനപ്പേരിട്ട് വിളിച്ച് പാട്ടുകള്‍..കഥകള്‍… എന്നാല്‍, ഇവയെല്ലാം ഓര്‍മ്മകള്‍ മാത്രമാവുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകത്തെ പുതിയ പഠനങ്ങള്‍ പറയുന്നത്.

പ്രകൃതിദത്തമായ വാസസ്ഥലങ്ങള്‍ കുറഞ്ഞതും കീടനാശിനികളുടെ ഉപയോഗവും രാത്രിയിലെ കൃത്രിമ ലൈറ്റുകളുടെ അതിപ്രസരവും മൂലം ലോകത്തുള്ള 2,000 ഇനം മിന്നാമിനുങ്ങുകള്‍ വംശനാശഭീഷണിയിലായിരിക്കുകയാണ്.

പ്രകൃതിയില്‍വന്ന മാറ്റം കാലക്രമേണ നിരവധി ജീവികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന പഠനങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. അതുപോലെതന്നെ ഈ മാറ്റങ്ങള്‍ തങ്ങളുടെ ജീവിത ചക്രം പൂര്‍ത്തിയാക്കുന്നതിന് മിന്നാമിനുങ്ങുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് തുഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി പ്രൊഫസര്‍ സാറാ ലെവിസിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഉദാഹരണത്തിന്, ഒരുമിച്ച് ഒരേപോലെ പ്രകാശിച്ച് മിന്നുന്നതില്‍ പേരുകേട്ട മലേഷ്യന്‍ മിന്നാമിനുങ്ങുകള്‍ കണ്ടല്‍ക്കാടുകളിലാണ് പ്രധാനമായും കണ്ടുവന്നിരുന്നത്. കണ്ടല്‍ക്കാടുകളിലായിരുന്നു അവ പ്രചനനം നടത്തിയിരുന്നതും. പക്ഷേ, കണ്ടല്‍ക്കാടുകള്‍ വളര്‍ന്നിരുന്ന ചതുപ്പുനിലത്ത് മലേഷ്യക്കാര്‍ കണ്ടല്‍ വെട്ടിമാറ്റി പാം ഓയില്‍ പ്ലാന്റേഷനുകളും അക്വാകള്‍ച്ചര്‍ കൃഷിയും ആരംഭിച്ചു. ഇത് മലേഷ്യന്‍ മിന്നാമിനുങ്ങുകളുടെ ആവാസവ്യവസ്ഥയെ പാടെ നശിപ്പിച്ചു.

കൂടാതെ, രാത്രി കാലങ്ങളില്‍ കൃത്രിമ ലൈറ്റുകള്‍ക്കൂടി വന്നതോടെ ഈ മിന്നാമിനുങ്ങുകള്‍ക്കിടയില്‍ ക്രമാതീതമായ മാറ്റമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശനാശ ഭീഷണിയാണ് ഇവ നേരിട്ടതെന്നും സാറ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

പൂര്‍ണചന്ദ്രന്റെ പ്രകാശത്തിനേക്കാള്‍ തിളക്കമുള്ള സ്ട്രീറ്റ് ലൈറ്റുകള്‍, വാണിജ്യ ചിഹ്നങ്ങള്‍ എന്നിവയില്‍നിന്നുള്ള ഡയറക്ട് ലൈറ്റുകളും നഗരങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന ആകാശത്തേക്കുള്ള കൃത്രിമ ലൈറ്റുകളും ഇവയുടെ നിലനില്‍പ്പിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്. ഇത്തരത്തിലൊക്കെയുള്ള പ്രകാശ മലിനീകരണം മിന്നാമിനുങ്ങുകളുടെ പ്രചനനത്തെ പ്രതികൂലമായി ബാധിച്ചെന്ന് ഇതേ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

മിക്ക മിന്നാമിനുങ്ങുകളുടെയും ശരീരത്തില്‍നിന്നും പുറപ്പെടുവിക്കുന്ന രാസ പ്രക്രിയയിലൂടെയാണ് അവ ഇണയെ ആകര്‍ഷിക്കാറുള്ളത്. എല്‍.ഇ.ഡി അടക്കമുള്ള കൃത്രിമ ലൈറ്റുകളുടെ വരവോടെ ഈ രാസ പ്രക്രിയ അവതാളത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more