ശരീരം നിറയെ മഞ്ഞ വെളിച്ചവും മിന്നി തെളിയിച്ച് രാത്രികാലങ്ങളില്‍ നിറഞ്ഞ് പറക്കുന്ന മിന്നാമിനുങ്ങുകള്‍… മിന്നാമിന്നിയെന്ന് ഓമനപ്പേരിട്ട് വിളിച്ച് പാട്ടുകള്‍..കഥകള്‍… എന്നാല്‍, ഇവയെല്ലാം ഓര്‍മ്മകള്‍ മാത്രമാവുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകത്തെ പുതിയ പഠനങ്ങള്‍ പറയുന്നത്.
പ്രകൃതിദത്തമായ വാസസ്ഥലങ്ങള്‍ കുറഞ്ഞതും കീടനാശിനികളുടെ ഉപയോഗവും രാത്രിയിലെ കൃത്രിമ ലൈറ്റുകളുടെ അതിപ്രസരവും മൂലം ലോകത്തുള്ള 2,000 ഇനം മിന്നാമിനുങ്ങുകള്‍ വംശനാശഭീഷണിയിലായിരിക്കുകയാണ്.
പ്രകൃതിയില്‍വന്ന മാറ്റം കാലക്രമേണ നിരവധി ജീവികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന പഠനങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. അതുപോലെതന്നെ ഈ മാറ്റങ്ങള്‍ തങ്ങളുടെ ജീവിത ചക്രം പൂര്‍ത്തിയാക്കുന്നതിന് മിന്നാമിനുങ്ങുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് തുഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി പ്രൊഫസര്‍ സാറാ ലെവിസിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഉദാഹരണത്തിന്, ഒരുമിച്ച് ഒരേപോലെ പ്രകാശിച്ച് മിന്നുന്നതില്‍ പേരുകേട്ട മലേഷ്യന്‍ മിന്നാമിനുങ്ങുകള്‍ കണ്ടല്‍ക്കാടുകളിലാണ് പ്രധാനമായും കണ്ടുവന്നിരുന്നത്. കണ്ടല്‍ക്കാടുകളിലായിരുന്നു അവ പ്രചനനം നടത്തിയിരുന്നതും. പക്ഷേ, കണ്ടല്‍ക്കാടുകള്‍ വളര്‍ന്നിരുന്ന ചതുപ്പുനിലത്ത് മലേഷ്യക്കാര്‍ കണ്ടല്‍ വെട്ടിമാറ്റി പാം ഓയില്‍ പ്ലാന്റേഷനുകളും അക്വാകള്‍ച്ചര്‍ കൃഷിയും ആരംഭിച്ചു. ഇത് മലേഷ്യന്‍ മിന്നാമിനുങ്ങുകളുടെ ആവാസവ്യവസ്ഥയെ പാടെ നശിപ്പിച്ചു.
കൂടാതെ, രാത്രി കാലങ്ങളില്‍ കൃത്രിമ ലൈറ്റുകള്‍ക്കൂടി വന്നതോടെ ഈ മിന്നാമിനുങ്ങുകള്‍ക്കിടയില്‍ ക്രമാതീതമായ മാറ്റമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശനാശ ഭീഷണിയാണ് ഇവ നേരിട്ടതെന്നും സാറ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.