വെര്‍ജീനീയ: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ ജൂലി ബ്രിസ്‌ക്മാന് വെര്‍ജീനിയയിലെ തെരഞ്ഞെടുപ്പില്‍ വിജയം. 2017ല്‍ ട്രംപിനെയും വഹിച്ചുകൊണ്ടുപോവുന്ന വാഹനത്തിനുനേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് ജൂലി തന്റെ പ്രതിഷേധം അറിയിച്ചത്. വെര്‍ജീനിയയിലെ പ്രാദേശികമായ തിരഞ്ഞെടുപ്പില്‍ ആണ് ജൂലി ബ്രിസ്‌ക്മാന്‍ വിജയിച്ചിരിക്കുന്നത്.
വെര്‍ജീനിയയില്‍ ലൗഡൗണ്‍ കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് സീറ്റിലേക്കാണ് ജൂലി ബ്രിസ്‌ക്മാന്‍ വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൂസന്നെ വോള്‍പ്പിനെ തോല്‍പ്പിച്ചാണ് ജൂലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രംപിന് നേരെ നടുവിരല്‍ ഉയര്‍ത്തിയതിന് പിന്നാലെ
ജൂലിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. യു.എസ് ഗവണ്‍മെന്റിന്റെ മാര്‍ക്കറ്റിംഗ് അനലിസ്റ്റ് സ്ഥാനത്ത് നിന്നാണ് ജൂലിയെ പുറത്താക്കിയത്.
ജൂലി ബ്രിസ്‌ക്മാന്‍ ലോവ്‌സ് ഐസ്ലാന്റിലൂടെ സൈക്കിള്‍ ഓടിച്ച് പോവുമ്പോള്‍ ട്രംപിന്റെ വാഹനവ്യൂഹം കാണുകയും അതില്‍ ട്രംപ് ഇരിക്കുന്ന വാഹനത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തികാണിക്കുകയുമായിരുന്നു. വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫര്‍ എടുത്ത ആ ഫോട്ടോക്ക് പിന്നീട് വന്‍ പ്രചാരമാണ് ലഭിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിക്കാനുള്ള ക്ഷണം ലഭിച്ചതുള്‍പ്പെടെ നിരവധി വാതിലുകളാണ് ആ ഫോട്ടോ മൂലം തുറന്നതെന്നാണ് ജൂലി ക്യാമ്പയിനുകളില്‍ പറഞ്ഞിരുന്നത്. അതേ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ടാണ് ജൂലി തന്റെ വിജയം ആഘോഷിച്ചത്. അല്‍ഗോണ്‍കിയാന്‍ ജില്ലയിലെ തന്റെ സുഹൃത്തുക്കളും അയല്‍ക്കാരും നല്‍കിയ പിന്തുണയില്‍ താന്‍ സന്തോഷിക്കുന്നുവെന്നും ജൂലി ട്വീറ്റില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതികരിച്ച തന്നെ എല്ലാവരും എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്‍ഗോണ്‍കിയാന്‍ ജില്ലയിലുള്ള തന്റെ സുഹൃത്തുക്കളും അയല്‍ക്കാരും ട്രംപിന്റെ അജണ്ടകളെ എതിര്‍ക്കുകയും തന്നെ തിരികെ വിളിക്കുകയുമാണ്’ ജൂലി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കടുകട്ടിയായിരുന്നുവെന്നും എന്നാല്‍ ലൗഡൗണ്‍ കൗണ്ടിയിലൂടെ എല്ലാവരെയും സഹായിക്കാന്‍ കഴിയുമെന്നും ജൂലി ബ്രിസ്‌ക്മാന്‍ കൂട്ടിച്ചേര്‍ത്തു.