മുംബൈ: മുംബൈ ഫിലിം സിറ്റിയില്‍ ഷാരൂഖ് ഖാന്‍ ചിത്രം “സീറോ”യുടെ ചിത്രീകരണത്തിനിടെ തീപിടുത്തം. അപകടം നടക്കുമ്പോള്‍ ഷാരൂഖും സെറ്റില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സ്റ്റുഡിയോയില്‍ നിന്ന് തീ ഉയര്‍ന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
“സീറോ” സിഖ് മത വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിപുറത്തിറക്കിയ പോസ്റ്ററില്‍ ഷാരൂഖ് സിഖ് മത ചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് പരാതി നല്‍കിയത്. സിഖ് മത വിശ്വാസ പ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഇത് ധരിക്കാന്‍ അവകാശമുള്ളു എന്നായിരുന്നു പരാതി.
ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് സീറോ. വൈകല്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ ഷാരൂഖ് ശാരീരിക വളര്‍ച്ച ഇല്ലാത്ത യുവാവായാണ് അഭിനയിക്കുന്നത്.
മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക ശര്‍മ്മയാണ് അഭിനയിക്കുന്നത്. സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.
സീറോയുടെ ട്രെയിലര്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ടിരുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യും.