ന്യൂദൽഹി: ബംഗളുരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2019 പരിപാടിയുടെ വേദിയ്ക്കടുത്തതായി സംഭവിച്ച തീപിടുത്തത്തിൽ 300ഓളം വാഹനങ്ങൾ കത്തിനശിച്ചു. വേദിക്കടുത്തുള്ള പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് തീപിടിച്ചത്.
ഉണങ്ങിയ പുല്ലുള്ള പാർക്കിങ് സ്ഥലത്ത് ആരോ ഉപേക്ഷിച്ച കത്തിച്ച സിഗരറ്റിന്റെ കുറ്റിയാണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് വിദഗ്ധർ പറയുന്നത്. 11:55ഓടെ ഉണ്ടായ തീപിടുത്തം അധികം താമസിയാതെ തന്നെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Also Read ഭീരുക്കളും ഭീരുത്വത്തിന് കീഴ്പ്പെടുന്നവരും
വടക്കൻ ബംഗളുരുവിലെ യെലഹങ്ക എയർ ബേസിൽ ഉണ്ടായ തീപിടുത്തത്തിൽ, കത്തിയാളുന്ന കാറുകളിൽ നിന്നും ഉയരുന്ന പുക ആകാശമാകെ മറിച്ചിരിക്കുകയാണ്. എയ്റോ ഇന്ത്യ വ്യോമാഭ്യാസത്തിന് വേണ്ടി എത്തിച്ചേർന്ന നൂറോളം വിമാനങ്ങൾ എയർ ബേസിലുണ്ട്.
ശക്തമായ കാറ്റും, വരണ്ട പുല്ലുമാണ് തീ വലിയ തോതിൽ പടർന്നു പിടിക്കാൻ കാരണമായതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ എം.എൻ. റെഡ്ഢി പറഞ്ഞു. ടൂ വീലറുകൾ ഉൾപ്പെടെയുള്ള 300ഓളം വാഹനങ്ങൾ വലിയ മൈതാനത്ത് നിരനിരയായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
Also Read ചിന്തിക്കുന്ന മുസ്‌ലീങ്ങള്‍ക്ക് മനസിലാവും, അദീല ബാങ്കിനെക്കുറിച്ച് പറഞ്ഞത്
എയ്റോ ഇന്ത്യ പരിപാടിയുടെ വേദിയിൽ നിന്നും ഏറെ ദൂരെയാണ് പാർക്കിംഗ് സ്ഥലമെന്നും അതിനാൽ ആശങ്കപെടേണ്ട ആവശ്യമില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
” ഇന്ത്യൻ വ്യോമ സേന ഉടൻ തന്നെ അപകടത്തിന്റെ വ്യാപ്തി മനസിലാക്കാൻ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുന്നുണ്ട്. തീ നിയന്ത്രിക്കാൻ വേണ്ട നിർദ്ദേശവും അവർ നൽകുന്നുണ്ട്. 12 ഫയർ എൻജിനുകൾ ഉടൻ തന്നെ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.” പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കാൻ അന്വേഷണ സംഘത്തെ നിയോജിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.
തീ പടർന്നു പിടിച്ചത് കാരണം വ്യോമാഭ്യാസ പ്രകടനം താത്കാലികമായി നിർത്തിവെച്ചു. തീ കെടുത്തുന്നത് വരെ ഒരു വിമാനവും ഇവിടെ നിന്നും പറന്നുയർന്നില്ല. അഞ്ച് ദിവസം നീളുന്ന എയ്റോ ഇന്ത്യ പരിപാടി നാളെയാണ് അവസാനിക്കുന്നത്.