| Sunday, 25th April 2021, 8:50 pm

കൊവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രോഗികള്‍ മരിച്ചു; പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആരോഗ്യമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് ഇറാഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 82 രോഗികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഇറാഖ് സര്‍ക്കാര്‍. സംഭവത്തില്‍ ഉന്നതാധികാരികള്‍ക്ക് നേരെ നടപടിയുണ്ടാകണമെന്ന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഹസന്‍ അല്‍-തമിമിയെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്കും ബാഗ്ദാദും ഗവര്‍ണര്‍ക്കുമെതിരെ പ്രധാനമന്ത്രി മുസ്തഫ അല്‍-കദേമി അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തത്തെ സ്മരിച്ചുകൊണ്ട് മൂന്ന് ദിവസത്തേക്ക് ദേശീയ അനുശോചന ദിനം ആചരിക്കുമെന്നും തിങ്കളാഴ്ചയിലെ പാര്‍ലമെന്റ് യോഗം ഈ ദുരന്തത്തിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഞായറാഴ്ചയാണ് ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയായ ഇബ്ന്‍ അല്‍-ഖത്തീബില്‍ തീപിടിത്തമുണ്ടായത്. ഓക്‌സിജന്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 82 പേരോളം മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തീയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി വെന്റിലേറ്റര്‍ മാറ്റേണ്ടി വന്നതിനെ തുടര്‍ന്നാണ് 28 പേര്‍ മരിച്ചതെന്ന് ഇറാഖ് മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.

ആശുപത്രിയില്‍ തീപിടിത്തമുണ്ടായാല്‍ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ഉള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കെട്ടിടത്തിലെ സീലിങ്ങിലെ അപാകതകള്‍ തീ വേഗം പടര്‍ന്നുപിടിക്കാന്‍ ഇടയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇക്കാരണങ്ങള്‍ കൂടി പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉന്നതാധികാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Fire kills 82 patients in Iraq hospital, Health minister suspended

We use cookies to give you the best possible experience. Learn more