[share]
[]വയനാട്: വയനാട്ടില്‍ തിരുനെല്ലിക്കാടിന് തീയിട്ടതാണെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
അഡിഷണല്‍ പി.സി.സി.എഫാണ് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇതുസംബന്ധിച്ച് റിപ്പേര്‍ട്ട് നല്‍കിയത്. ഒരേസമയം 15 ഇടങ്ങളില്‍ തീ പടര്‍ന്നത് അസ്വാഭാവികമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തീ മനുഷ്യനിര്‍മ്മിതമാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതിനു പുറമെ കാട്ടില്‍ തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പരിസ്ഥിതി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ അന്‍വറിനെയും സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഒരു സംഘം മര്‍ദ്ദിച്ചതും സംശയം ബലപ്പെടുത്തുന്നതാണ്. അന്‍വറിന്റെ ക്യാമറ സംഘം തകര്‍ക്കുകയും മെമ്മറി കാര്‍ഡ് കൈക്കലാക്കുകയും ചെയ്തിരുന്നു.
കാട്ടില്‍ മുളങ്കാടുകള്‍ ഉണങ്ങി നില്‍ക്കുന്ന സമയമായതിനാലാണ് തീ ഇത്രയും വേഗം പടരാനിടയാക്കിയത്. ഏതാണ്ട് മുവ്വായിരത്തോളം ഹെക്റ്റര്‍ വനം കത്തിനശിച്ചതായി വനംവകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കാട്ടുതീ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലാകളക്റ്ററോടും പോലീസ് മേധാവിയോടും ഉത്തരവിട്ടിരിക്കുകയാണ്.
കടുവ ഭീഷണിയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെയും മുന്‍നിര്‍ത്തി കാടിനു തീയീടാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്തതാണ് വിനയായത്.