| Tuesday, 23rd May 2023, 11:53 am

സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തം; ഇടിവെട്ടി ക്യാമറ നശിക്കുന്നു; തുടര്‍ച്ചെയുണ്ടാകുന്ന തീപ്പിടിത്തത്തില്‍ അന്വേഷണം വേണം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോവിഡ് കാല അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടയിലുള്ള തീപ്പിടിത്തങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരേ കാരണങ്ങള്‍ കൊണ്ട് കൊല്ലത്തും തിരുവനന്തപുരത്തും തീപ്പിടിച്ചത് അവിശ്വസനീയമാണെന്നും സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം കിന്‍ഫ്രയില്‍ നടന്ന തീപ്പിടിത്തത്തെ സംബന്ധിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോവിഡ് കാല മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലോകായുക്ത അന്വേഷണം നടത്തുകയാണ്. ആ അന്വേഷണം നടത്തുന്ന സമയത്താണ് ആദ്യം കൊല്ലത്തും ഇപ്പോള്‍ തിരുവനന്തപുരത്തും തുടര്‍ച്ചയായി തീപ്പിടിത്തമുണ്ടായി ലക്ഷക്കണക്കിന് മരുന്നുകള്‍ കത്തി നശിക്കുന്ന സാഹചര്യമുണ്ടാകുന്നത്.

ഈ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ട്. കോവിഡ് കാലത്ത് വാങ്ങിച്ച മരുന്നുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സാമഗ്രികള്‍ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍. 2014ല്‍ തന്നെ എക്‌സ്പയറി ആയ ഒരുപാട് മരുന്നുകളാണ് കത്തിനശിച്ചിട്ടുള്ളത്. ഒരു പ്രാവശ്യം കൊല്ലത്ത് ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീപ്പിടിച്ച് ഗോഡൗണ്‍ കത്തി നശിച്ചിട്ടും അതേ കാരണം കൊണ്ട് തന്നെ തിരുവനന്തപുരത്തും തീപ്പിടിത്തമുണ്ടായെന്നത് അവിശ്വസനീയമാണ്. ഗുരുതരമായ കൃത്യവിലോപം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായി.

ആദ്യം ഉണ്ടായ തീപ്പിടിത്തം അനുസരിച്ച് മറ്റ് സ്ഥലങ്ങളില്‍ തീപ്പിടിത്തം ഉണ്ടാകുന്ന സാധനങ്ങള്‍ മാറ്റിവെക്കേണ്ടതുണ്ട്. മാത്രമല്ല, മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ പാലിക്കേണ്ട പ്രാഥമികമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും ചെയ്തിട്ടില്ല.

തീപ്പിടിക്കാന്‍ സാധ്യതയുള്ളവ, അല്ലാത്തവ എന്നിവ മാറ്റി പല സ്ഥലത്ത് വെക്കുകയും അതിന് ആവശ്യമായ സംരക്ഷണം ഒരുക്കുകയും വേണം. ഗോഡൗണില്‍ തീപ്പിടിത്തമുണ്ടാകാതിരിക്കാനുള്ള ഫയര്‍ സര്‍വീസിന്റെ പരിശോധന നടത്തി അവരുടെ എന്‍.ഒ.സി എടുക്കണം.

കൊല്ലത്ത് ആ എന്‍.ഒ.സി കിട്ടിയിട്ടില്ലെന്നാണ് നമുക്ക് കിട്ടിയ അറിവ്. തിരുവനന്തപുരത്തെ കാര്യം അറിയില്ല. എന്തായാലും സുരക്ഷാ സംവിധാനങ്ങളോ ഈ സാമഗ്രികള്‍ കത്തി നശിക്കാതിരിക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിട്ടില്ല. ആ സാഹചര്യത്തില്‍ കൊല്ലത്തൊരു തീപ്പിടിത്തമുണ്ടായി തുടര്‍ച്ചയായി തീപ്പിടിത്തമുണ്ടാകുന്ന സാഹചര്യത്തെ കുറിച്ച് ഗൗരവപരമായി അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ സ്ഥിരം പരിപാടിയാണിതെന്നും, പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തീപ്പിടിത്തമുണ്ടാകുന്നുവെന്നും സതീശന്‍ ആരോപിച്ചു.

‘ഇത് ഇപ്പോള്‍ സര്‍ക്കാറിന്റെ സ്ഥിരം പരിപാടിയാണ്. നേരത്തേ സെക്രട്ടറിയേറ്റില്‍ എന്‍.ഐ.എയും മീഡിയയും അന്വേഷിക്കുന്ന കേസില്‍ പ്രോട്ടോക്കോള്‍ ഓഫീസിന് തീപ്പിടിച്ചു. കുറേ സാധനങ്ങള്‍ കത്തി നശിച്ചു.

അഴിമതി ക്യാമറയുമായി അന്വേഷണം നടക്കുമ്പോള്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസില്‍ തീപ്പിടിത്തമുണ്ടായി. ഏതെങ്കിലും കാര്യത്തില്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തീപ്പിടിത്തമുണ്ടാകുക, ഇടിവെട്ട് കൊണ്ട് ക്യാമറ പോകുക തുടങ്ങിയവ സ്വാഭാവികമായ കാര്യമായി കേരളത്തില്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്.

അഴിമതിയെ സംബന്ധിച്ചുള്ള തെളിവുകളാണിവ. 1032 കോടി രൂപ കോവിഡിന്റെ മറവില്‍ കൊള്ള നടത്തുന്ന വലിയ അഴിമതിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. അന്നത്തെ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥന്മാര്‍ ഒക്കെ പ്രതികളായി നില്‍ക്കുന്ന കേസുകളാണിവ. അത് സംബന്ധിച്ച അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടത്തത്തെ കുറിച്ച് അന്വേഷിക്കണം,’ സതീശന്‍ പറഞ്ഞു.

താനൂര്‍ ബോട്ടപടകത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തിരുവന്തപുരം തുമ്പ കിന്‍ഫ്രയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തില്‍ തീപ്പിടിത്തം ഉണ്ടായത്. തീയണക്കുന്നതിനിടയില്‍ ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ രഞ്ജിത്ത് മരണപ്പെട്ടു.

ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചതാണ് അപകട കാരണം. പിന്നീട് തീ രാസവസ്തുക്കളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു.

content highlight: Fire in Secretariat; The camera is destroyed by the crash; Continued fires should be probed: V.D. Satishan

We use cookies to give you the best possible experience. Learn more