| Saturday, 6th July 2019, 4:36 pm

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് രാത്രിയും ഒന്നര പകലും ആരുമറിയാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ ആരുമറിയാതെ കഴിഞ്ഞു കൂടേണ്ടി വന്ന് യുവാവ്. നെടുമങ്ങാടാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്നുള്ള കിണറ്റിന്റെ ആള്‍ മറയുടെ തൂണില്‍ ചാരിയിരുന്ന് ഫോണ്‍ ചെയ്യവേ ആണ് യുവാവ് കിണറ്റിലേക്ക് വീണത്. കൊഞ്ചിറ നാല്മുക്ക് വിളയില്‍വീട്ടില്‍ പ്രദീപാണ് കിണറ്റില്‍ വീണത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചക്ക് കിണറ്റിന് സമീപത്ത് കൂടി ആളുകള്‍ കടന്നുപോവുമ്പോള്‍ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്താനായത്.

അവിവാഹിതനായ പ്രദീപും മാതാവും മാത്രമാണ് വീട്ടിലുള്ളത്. സംഭവം നടക്കുമ്പോള്‍ അമ്മ വീട്ടില്‍ ഇല്ലായിരുന്നു . രണ്ടടിയോളം വെള്ളം മാത്രമാണ് കിണറ്റില്‍ ഉണ്ടായിരുന്നത്.വെള്ളത്തില്‍ വീണത് മൂലം പ്രദീപിന് പരിക്ക് പറ്റിയില്ല. കിണറിന്റെ തൊടിയോട് ചേര്‍ന്നുള്ള ഭാഗത്ത് കയറിയിരിക്കുകയായിരുന്നു. കരയ്ക്ക് കയറാന്‍ കഴിഞ്ഞതും ഇല്ല.

നെടുമങ്ങാട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രദീപിനെ രക്ഷപ്പെടുത്തിയത്. ആംബുലന്‍സില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

We use cookies to give you the best possible experience. Learn more