കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടുത്തം. മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. അഗ്നി ശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍ത്തിരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു.
സംഭവസമയത്ത് പതിനാറോളം തൊഴിലാളികള്‍ ഗോഡൗണിനുള്ളില്‍ ഉണ്ടായിരുന്നു. തീ പെട്ടെന്ന് ആളി പടരുകയായിരുന്നെന്നും തീ കണ്ടയുടന്‍ തന്നെ കൈയ്യില്‍ കിട്ടിയതുമെടുത്ത് പുറത്തേക്കോടുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറയുന്നു.
തൊഴിലാളികളില്‍ ഒരാളുടെ കുട്ടിയും ഗോഡൗണിനുള്ളില്‍ ഉണ്ടായിരുന്നു. കുട്ടിയേയുമെടുത്ത് പെട്ടെന്ന് പുറത്തേക്ക് എത്താന്‍ കഴിഞ്ഞതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗോഡൗണിന്റെ വാതിലിന്റെ ഭാഗത്തേക്ക് തീ ആളി പടരുകയായിരുന്നു. നിലവില്‍ ആശുപത്രിയുടെ മറ്റ് കെട്ടിടങ്ങളുമായി ബന്ധമില്ലാത്ത കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.