ഗാന്ധിനഗർ: 32 പേരുടെ മരണത്തിന് കാരണമായ ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിങ് സെന്റർ തീപിടിത്തം ഉണ്ടായത് സുരക്ഷാ വീഴ്ചയെ തുടർന്നെന്ന് പൊലീസ്. ഫയർ എൻ.ഒസി. ഇല്ലാതെയാണ് സെന്റർ രണ്ട് വർഷമായി പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.
കാർ റേസിങ്ങിനായി 2000 ലിറ്റർ പെട്രോൾ സൂക്ഷിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷമാണ് ഈ കാര്യങ്ങൾ അറിയിച്ചത്.
ഇതിന് പിന്നാലെ ഗെയിമിങ് സെന്ററിന്റെ ഉടമയെയും മാനേജറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. യാതൊരു സുരക്ഷാ മുൻകരുതലും എടുക്കാതെയാണ് ഗേമിങ് സെന്റർ പ്രവർത്തിച്ചതെന്നും പൂർണമായും തടിയിൽ നിർമിച്ച കെട്ടിടമായിരുന്നു അതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അവധി ദിവസം ആയതിനാൽ 70ലേറെ പേർ അപകടം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നു. എ.സിയിൽ നിന്നുണ്ടായ ഷോർട്ട്‌സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ 15 പേർ കുട്ടികളായിരുന്നു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. നിരവധി പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനത്തിന് മുൻസിപ്പിൽ കോർപറേഷന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
Content Highlight: Fire at gaming center in gujarat; Owner and manager arrested