| Sunday, 26th March 2023, 4:55 pm

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; സ്ഥിതി ആശങ്കാജനകമല്ലെന്ന് ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. മാലിന്യ പ്ലാന്റില്‍ നില്‍ക്കുന്ന ഫയര്‍ഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

നിലവില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സുകളാണ് തീ അണക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സെക്ടര്‍ ഒന്നില്‍ വലിയ രീതിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തില്‍ നിന്നാണ് തീയുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴുണ്ടായത് ചെറിയ തീപിടിത്തമാണെന്നും ഉടന്‍ തന്നെ തീയണക്കാന്‍ സാധിക്കുമെന്നും തൃക്കാക്കര ഫയര്‍ ഓഫീസര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാന്‍ കഴിയുമെന്നും ജില്ലാ ഭരണകൂടവും മറ്റ് ഉദ്യോഗസ്ഥരും ജാഗരൂകരാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സെക്ടര്‍ ഒന്നിലാണ് ഇപ്പോള്‍ തീപിടിത്തം ഉണ്ടായിട്ടുള്ളത്.

നിലവില്‍ മാലിന്യം ഇളക്കികൊണ്ടാണ് തീ അണക്കുന്നത്.

ബ്രഹ്മപുരത്ത് ഈ മാസം തുടക്കത്തിലുണ്ടായ വലിയ തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തീപിടിത്തമുണ്ടായത്.

content highlight: Fire again in Brahmapuram; Officials say the situation is not alarming

We use cookies to give you the best possible experience. Learn more