|

കുംഭമേളയില്‍ വീണ്ടും തീപ്പിടുത്തം; ഒമ്പതോളം ടെന്റുകള്‍ കത്തി നശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വീണ്ടും തീപ്പിടുത്തം. കുംഭമേള നടക്കുന്ന സെക്ടര്‍ 19ല്‍ തന്നെയാണ് വീണ്ടും തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപ്പിടുത്തം ഒമ്പതോളം ടെന്റുകളിലേക്ക് വ്യാപിച്ചതായും അഗ്നിസമന സേന സ്ഥലത്തെത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ആശ്രമത്തില്‍ തീപ്പിടിച്ചതായും പിന്നാലെ അത് വ്യാപിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഏഴോളം ടെന്റുകള്‍ കത്തിനശിച്ചതായും പുതപ്പുകള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ കത്തി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തീപ്പിടുത്തത്തില്‍ ജീവഹാനിയൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സംഭവസ്ഥലം നിയന്ത്രണ വിധേയമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയും കുംഭമേള നടക്കുന്ന സ്ഥലങ്ങളില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് നേരത്തെ സംഭവമുണ്ടായത്. ഓള്‍ഡ് ജി.ടി റോഡിലെ തുളസി ചൗരാഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പിലും തീപ്പിടുത്തമുണ്ടായിരുന്നു.

Content Highlight: Fire again at Kumbh Mela; About nine tents were destroyed

Video Stories