| Saturday, 30th November 2024, 3:26 pm

വാരണാസിയിൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻതീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശത്തിലെ വാരണാസിയിൽ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. വാരണാസിയിലെ കാന്ത് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിലാണ് അപകടമുണ്ടായത്.

തീപിടിത്തത്തിൽ 200 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. സൈക്കിളുകൾ ഉൾപ്പെടെയാണ് കത്തിനശിച്ചത്.

ഇന്ന് (ശനിയാഴ്ച്ച) പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. പാർക്കിങ് ഏരിയയിലേക്ക് തീപടർന്ന് പിടിക്കുകയായിരുന്നു. ഷോർട്ട് സർക്ക്യൂട്ട് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

അപകടമുണ്ടായി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പൂർണമായും തീയണക്കാൻ സാധിച്ചത്. 12ലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. ഇന്നലെ (വെള്ളിയാഴ്ച) രാത്രി 11 മണിയോടെ പാർക്കിങ് ഏരിയയിൽ ഷോർട്ട് സർക്ക്യൂട്ട് സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.

തീപിടിത്തത്തിൽ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. കത്തിനശിച്ച വാഹനങ്ങളിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങളുണ്ടെന്നും അധികൃതർ പറഞ്ഞു.

അപകടത്തെ തുടർന്ന് പ്രദേശത്തുയർന്ന കനത്ത പുക ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരിൽ ബുദ്ധിമുട്ടുണ്ടാക്കിയതായി ദി മിന്റ് റിപ്പോർട്ട് ചെയ്തു. വാഹനങ്ങളുടെ ഇൻഷുറൻസ് അടക്കമുള്ള വിഷയങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

Content Highlight: fire accident in varanasi

We use cookies to give you the best possible experience. Learn more