ന്യൂദല്‍ഹി: ഫരീദാബാദില്‍ സ്വകാര്യ സ്‌കൂളില്‍ തീപ്പിടിത്തം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം നടന്നത്. സ്‌കൂളിന് താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി ഗോഡൗണിലാണ് ആദ്യം തീ കണ്ടത്. പിന്നീട് തീ സ്‌കൂളിലേക്കും പടരുകയായിരുന്നു.
മൂന്ന് പേരെയും സ്‌കൂളിന്റെ മേല്‍ക്കുര മാറ്റി പുറത്തെടുത്തുവെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മൂവരും മരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവം നടന്നയുടന്‍ ഫയര്‍ഫോഴ്‌സുകാരെ അറിയിച്ചിരുന്നെങ്കിലും ഫയര്‍ എഞ്ചിനുകള്‍ വൈകിയാണ് സംഭവ സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഗുജറാത്തിലെ സ്വകാര്യ കോച്ചിങ് സന്ററില്‍ തീപിടത്തത്തില്‍ 22 പേര്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും സമാനമായ ദുരന്തം ഉണ്ടാവുന്നത്.
കൊല്‍ക്കത്തയില്‍ ഹൗറ പാലത്തിനു സമീപത്തെ രാസവസ്തു ഗോഡൗണില്‍ ഇന്ന് തീപിടിത്തമുണ്ടാവുകയും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.