കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം: ഉത്തര്‍പ്രദേശ് കോടതി
national news
കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം: ഉത്തര്‍പ്രദേശ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2024, 4:24 pm

ലഖ്‌നൗ: കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് കോടതി. സംഭവത്തില്‍ പത്ത് ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നീതിയുക്തമായ അന്വേഷണം നടത്തണമെന്നും സിവില്‍ ലൈന്‍സ് പൊലീസിനോട് കോടതി നിര്‍ദേശിച്ചു.

കൂട്ടബലാത്സംഗക്കുറ്റവും വഞ്ചനാ കുറ്റവും ചുമത്തി ബി.ജെ.പിയുടെ ബില്‍സി എം.എല്‍.എ ഹരീഷ് ചാക്യയ്ക്കും സഹോദരനുമടക്കം 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടത്. അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ലീലു ചൗധരിയുടേതാണ് ഉത്തരവ്.

അതിജീവിതയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടതിന് ശേഷമാണ് കോടതിയുടെ ഉത്തരവ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ദമ്പതികളും എം.എല്‍.എയും കൂട്ടാളികളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നാലെ എം.എല്‍.എയും സംഘവും ഹരജിക്കാരനെ ഉപദ്രവിക്കുകയും ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായുമാണ് ഹരജിയില്‍ പറയുന്നത്.

അതേസമയം കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിക്കുന്ന മുറയക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ പറഞ്ഞു.

ഹരജിക്കാരന്റെ പിതാവിന്റെ ഉടമസ്ഥയിലുള്ള സ്ഥലം വാങ്ങാന്‍ എം.എല്‍.എ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം ആരംഭിക്കുന്നത്.

18 കോടി വിലമതിക്കുന്ന ഭൂമിക്ക് 16.5 കോടി രൂപയ്ക്ക് എം.എല്‍.എയുമായി കരാര്‍ ഉറപ്പിച്ചതായി ഹരജിയില്‍ പറയുന്നു. പിന്നാലെ ഉറപ്പിച്ച കരാറിനനുസൃതമായി 40 ശതമാനം അഡ്വാന്‍സായി നല്‍കാമെന്ന വാഗ്ദാനത്തിന് വിപരീതമായി എം.എല്‍.എ പ്രവര്‍ത്തിച്ചുവെന്നും ഹരജിയില്‍ പറയുന്നു.

പിന്നാലെ സംഘര്‍ഷം രൂക്ഷമാവുകയും ഹരജിക്കാരനെ മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു. പിന്നാലെ എം.എല്‍.എയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയും തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും ഹരജിയില്‍ പറയുന്നു.

എന്നാല്‍ ഹരജിക്കാരന്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും പൊലീസുമായി സഹകരിക്കുമെന്നുമാണ് എം.എല്‍.എയുടെ വാദം.

Content Highlight: FIR should be filed against BJP MLA accused in gang-rape case: Uttar Pradesh court