| Monday, 16th September 2019, 11:31 pm

'ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതു കൊണ്ടാണ് ഉത്തരേന്ത്യക്കാര്‍ക്ക് ജോലി ലഭിക്കാത്തത്'; തൊഴില്‍ മന്ത്രിക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് തൊഴില്‍ ക്ഷാമം ഇല്ലെന്നും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതു കൊണ്ടാണ് ഉത്തരേന്ത്യക്കാര്‍ക്ക് ജോലി ലഭിക്കാത്തതെന്നുമുള്ള കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറിന്റെ പ്രസ്താവനയില്‍ കേസെടുത്തു. സാമൂഹ്യ പ്രവര്‍ത്തകയായ തമന്ന ഹാഷ്മിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ബിഹാറിലെ മുസാഫിര്‍പൂര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുത്തത്. കേസില്‍ സെപ്തംബര്‍ 25ന് കോടതി വാദം കേള്‍ക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെറ്റായതും വ്യാജമായതുമായ കാര്യം പറയുക, കലാപത്തിന് വഴിയൊരുക്കുക, ഒരു വിഭാഗത്തെ അധിക്ഷേപിക്കുക, വിശ്വാസ വഞ്ചനയ്ക്കുള്ള ക്രിമിനല്‍ കുറ്റം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ജോലി സംബന്ധമായ റിക്രൂട്ട്‌മെന്റുകള്‍ക്കായി ഉത്തരേന്ത്യയില്‍ എത്തുന്നവര്‍ക്ക് ജോലിയിലേക്ക് വേണ്ട യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കാറില്ലെന്നും രാജ്യത്ത് തൊഴില്‍ ക്ഷാമം ഇല്ലെന്നുമാണ് സന്തോഷ് ഗാങ്‌വാര്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘തൊഴില്‍ രംഗത്തെ സാഹചര്യങ്ങള്‍ ദിവസേന വിലയിരുത്തുന്നുണ്ട്. രാജ്യം തൊഴില്‍ ക്ഷാമം നേരിടുന്നില്ല. നമുക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുണ്ട്. പ്രത്യേക സംവിധാനത്തിലൂടെ അവ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്’- ഗാങ്‌വാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

‘അഞ്ചു വര്‍ഷമായി നിങ്ങള്‍ക്ക് സര്‍ക്കാരുണ്ട്. തൊഴില്‍ ഇല്ലാതായത് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് കൊണ്ടാണ്. നല്ലതെന്തെങ്കിലും സര്‍ക്കാര്‍ ചെയ്യുമെന്ന് യുവാക്കള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള അവസരങ്ങള്‍ സാമ്പത്തിക മാന്ദ്യം മൂലം ഇല്ലാതാകുകയാണ്. ഉത്തരേന്ത്യക്കാരെ അവഹേളിച്ച് രക്ഷപ്പെടാനാവില്ല’- പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more