| Monday, 27th May 2019, 11:49 am

അനുരാഗ് കശ്യപിന്റെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ മോദി ഭക്തനെതിരെ കേസ്; കേസെടുത്തത് മോദിയെ ടാഗ് ചെയ്തുള്ള ട്വീറ്റിനു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ കേസ്. ഐ.പി.സി സെക്ഷന്‍ 504, 509 പ്രകാരവും ഐ.ടി ആക്ട് 67 പ്രകാരവുമാണ് കേസെടുത്തത്. ഭീഷണിയുമായി ബന്ധപ്പെട്ട് അനുരാഗ് കശ്യപ് മുംബൈയിലെ അംബോലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മോദിയെ ഫോളോ ചെയ്യുന്നയാള്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും താങ്കളുടെ ഇത്തരം ഭക്തരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുകൂടി പറഞ്ഞുതരണമെന്നും ആവശ്യപ്പെടുന്ന അനുരാഗ് കശ്യപിന്റെ ട്വീറ്റ് നേരത്തെ ചര്‍ച്ചയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനു പിന്നാലെ മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തന്റെ മകള്‍ക്കെതിരെ മോദി ഭക്തര്‍ നടത്തുന്ന ആക്രമണം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയത്.

‘താങ്കളുടെ വിജയത്തില്‍ അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങളെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ മകള്‍ക്ക് അടക്കം ഇത്തരത്തില്‍ ഭീഷണി അയക്കുന്നവരെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്’ എന്നായിരുന്നു മകളെ ഭീഷണിപ്പെടുത്തിയുള്ള ട്വീറ്റ് ഉയര്‍ത്തിക്കാട്ടി അനുരാഗ് ട്വീറ്റു ചെയ്തത്.

തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ താന്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു അനുരാഗിന്റെ ട്വീറ്റ്.

മകളെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ അനുരാഗ് കശ്യപ് മുംബൈ പൊലീസിനും സര്‍ക്കാറിനും നന്ദി അറിയിച്ചു. ഒരു അച്ഛനന്ന നിലയില്‍ തനിക്കിപ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നെന്നും അദ്ദേഹം കുറിച്ചിരുന്നു.

മകളെ ഭീഷണിപ്പെടുത്തിയ മോദി ഭക്തനെതിരായ ട്വീറ്റില്‍ മോദിയെ ടാഗ് ചെയ്ത അനുരാഗ് കശ്യപിനെതിരെ വിമര്‍ശനവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തുവന്നിരുന്നു. ഭീഷണിയുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും ഇതൊക്കെ ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നുമായിരുന്നു വിമര്‍ശനം.

‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവര്‍ക്ക് വോട്ടു ചെയ്യുകയെന്ന് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞപ്പോള്‍ അവര്‍ മോദിക്കു വോട്ടു ചെയ്യൂവെന്ന് പറഞ്ഞു. എന്റെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചുള്ള ട്വീറ്റില്‍ മോദിയെ ടാഗ് ചെയ്തപ്പോള്‍ അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് കയ്യൊഴിയുന്നു’ എന്നായിരുന്നു ഇതിനു മറുപടിയെന്നോണം അനുരാഗ് കുറിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more