റായ്ബറേലി: ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്.
ഇന്നലെയാണ് റായ്ബറേലിയില്‍ വെച്ച് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
ആക്രമണം ആസൂത്രണം ചെയ്തത് എം.എല്‍.എ സെന്‍ഗാര്‍ ആണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ‘കുല്‍ദീപ് സിങ് സെന്‍ഗാറും അദ്ദേഹത്തിന്റെ അനുയായികളും കൂടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് ഇത്. അതില്‍ ഞങ്ങള്‍ക്ക് സംശയമില്ല.
കേസ് പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. ഈ ആക്രമണം പോലും ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയതാണ്. ഈ ഗ്രാമത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അവര്‍ റായ്ബറേലി ജയിലിലേക്ക് പോകുകയായിരുന്നെന്ന് അറിയാമായിരുന്നു.’ എന്നായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ആരോപണം.