താന്‍ കുഴിച്ച കുഴിയില്‍; സിദ്ധരാമയ്യയെ അഴിമതിക്കേസില്‍ കുടുക്കാന്‍ നോക്കി, പ്രതിയായത് യെദിയൂരപ്പ
Daily News
താന്‍ കുഴിച്ച കുഴിയില്‍; സിദ്ധരാമയ്യയെ അഴിമതിക്കേസില്‍ കുടുക്കാന്‍ നോക്കി, പ്രതിയായത് യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2017, 11:38 pm

 

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുക്കാന്‍ പദ്ധതിയിട്ട മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദിയൂരപ്പക്കും കേന്ദ്രമന്ത്രി ആനന്ദ് കുമാറിനുമെതിരെ കേസ്. സിദ്ധരാമയ്യയെ അഴിമതിക്കേസില്‍ പെടുത്താന്‍ ഒരുങ്ങുന്ന സംഭാഷത്തിന്റെ ശബ്ദസന്ദേശത്തെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ്.

കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ സിദ്ധരാമയ്യയ്ക്കു വേണ്ടി ഹൈക്കമാന്‍ഡില്‍ പണം നല്‍കിയെന്ന് ആരോപണം ഉന്നയിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. സിദ്ധരാമയ്യയ്ക്കെതിരെ എങ്ങനെ അഴിമതി ആരോപണം ഉന്നയിക്കാമെന്ന് യെദിയൂരപ്പയും ആനന്ദ് കുമാറും ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.


Also Read: ജിഹാദി പ്രവര്‍ത്തനത്തിന് ഇരയാകുന്നത് കമ്യൂണിസ്റ്റ് കുടുംബങ്ങളാണെന്ന് എം.ടി രമേശ്


സിദ്ധരാമയ്യ അധികാരം നിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡിന് 1000 കോടി രൂപ നല്‍കിയെന്ന് ആരോപിക്കാമെന്നാണ് സംഭാഷണത്തിന്റെ സാരാംശം. എന്നാല്‍ കേസ് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും നേരിടാന്‍ തയ്യാറാണെന്നും യെദിയൂരപ്പ പ്രതികരിച്ചു.

സിദ്ധരാമയ്യ അധികാരം ഉപയോഗിച്ച് കേസ് വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി വിരുദ്ധ സെല്‍ ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.