| Friday, 14th January 2022, 7:58 pm

നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ അടിപതറി ബി.ജെ.പി; സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷിനുമെതിരെ കേസെടുത്ത് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് യു.പി പൊലീസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങിയ കേസുകളാണ് എസ്.പിക്കും നേതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ലഖ്‌നൗ ഗൗതം പല്ലി പൊലീസാണ് പാര്‍ട്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടി വിട്ട ബി.ജെ.പി നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ആളെ പങ്കെടുപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

‘ഞങ്ങള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് വെര്‍ച്വലായാണ് പരിപാടി സംഘടിപ്പിച്ചത്. ഞങ്ങള്‍ ആരെയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നു,’ സമാജ്‌വാദി പാര്‍ട്ടി നേതാവായ നരേഷ് ഉത്തം പട്ടേല്‍ പറയുന്നു.

ബി.ജെ.പി നേതാക്കള്‍ ആളെക്കൂട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ആര്‍ക്കും ഒരു പരാതിയുമില്ലെന്നും, തങ്ങളുടെ പരിപാടിയില്‍ ആളുകള്‍ എത്തിയപ്പോഴാണ് കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ കേസ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു പരിപാടിക്കും അനുമതി നല്‍കിയിരുന്നില്ല എന്നാണ് ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞത്.

നേരത്തെ, യോഗി മന്ത്രിസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്നിയടക്കം 3 മന്ത്രിമാരും അഞ്ച് എം.എല്‍.എമാരും പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഇവരെ സ്വീകരിക്കുന്ന ചടങ്ങിലാണ് പ്രോട്ടോക്കോള്‍ ലംഘനം കാണിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നും രാജി വെക്കുന്ന എട്ടാമത് എം.എല്‍.എയാണ് സെയ്നി.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബി.ജെ.പിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ്.

Why BJP minister & OBC leader Maurya's switch to SP could have an impact on UP polls

ഇതിന് പിന്നാലെയാണ് യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന നേതാക്കളുടെ ആരോപണത്തില്‍ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.

അതേസമയം, എസ്.പി നേതാവായ അഖിലേഷ് യാദവ് തന്റെ സേനാബലം വര്‍ധിപ്പിക്കുകയാണ്. എന്‍.സി.പിയടക്കമുള്ള മറ്റു പാര്‍ട്ടികളെ ഒന്നിപ്പിച്ചും ജാതിഭേദമന്യേ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയുമാണ് അഖിലേഷ് യു.പിയില്‍ പുത്തന്‍ സമവാക്യങ്ങള്‍ രചിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight:  FIR lodged against Samajwadi Party for model code violation

We use cookies to give you the best possible experience. Learn more