ബാങ്കുര: കൊവിഡുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി എം.പി സുഭാഷ് സര്‍ക്കാരിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പശ്ചിമബംഗാളിലെ ബാങ്കുര പൊലീസ്.
മരണപ്പെട്ട വ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജയദീപ് ചതോപാധ്യായ ബാങ്കുര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പശ്ചിമബംഗാളിലെ ബാങ്കുരയില്‍ രണ്ടു പേര്‍ മരിച്ചത് കൊവിഡ് ബാധിച്ചാണെന്നും എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചതില്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചുവെന്നുമായിരുന്നു എം.പിയുടെ പ്രചരണം.
മരണപ്പെട്ടവര്‍ക്ക് കൊവിഡ് പോസിറ്റീവാണോ എന്ന പരിശോധനാഫലം പുറത്തു വരുന്നതിന് മുന്‍പാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്നും ഇത് എങ്ങനെയാണ് സാധിച്ചതെന്നുമായിരുന്നു സുഭാഷ് സര്‍ക്കാരിന്റെ ചോദ്യം.
തുടര്‍ന്നാണ് തൃണമൂല്‍ നേതാവ് ഇദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഒരു ഡോക്ടര്‍ കൂടിയായ എം.പി മരണപ്പെട്ട വ്യക്തികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പോലും കാണാതെ സോഷ്യല്‍ മീഡിയ വഴി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് തൃണമൂല്‍ നേതാവ് പറഞ്ഞു.
ബാങ്കുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഏപ്രില്‍ 12 ന് രാത്രിയാണ് അധികൃതര്‍ മറവ് ചെയ്തത്. ഇതിന് പിന്നാലെ കൊവിഡ് ബാധിച്ചാണ് ഇവര്‍ മരണപ്പെട്ടതെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അടക്കം ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.