ഛണ്ഡിഗഢ്: പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.
കേസെടുത്ത വിവരം പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ എഫ്.ഐ.ആറില്‍ നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
കണ്ടാല്‍ തിരിച്ചറിയാത്ത 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരമാവധി 200 രൂപ മാത്രം പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫിറോസ്പൂരിലും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു പടിഞ്ഞാറന്‍ പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈഓവറില്‍ വെച്ച് മോദിയുടെ വാഹനം കര്‍ഷകര്‍ തടഞ്ഞത്.
പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നില്‍ എന്ന് അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഇല്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വ്യക്തമാക്കിയിരുന്നു.
മോദിയുടെ വാഹനം തടഞ്ഞതിനെ പഞ്ചാബ് സര്‍ക്കാരിന്റെ വീഴ്ചയായി ബി.ജെ.പി ആരോപിക്കുന്നത് നാടകമാണെന്ന് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും പ്രതികരിച്ചു. പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലിയില്‍ ജനങ്ങളാരും എത്തിയിരുന്നില്ലെന്നും വേദിയിലെ കാലിയായ കസേരകളില്‍ നിന്നും വിഷയം വഴിതിരിക്കാന്‍ ബി.ജെ.പി നടത്തുന്ന നാടകമാണിതെന്നും സിദ്ദു ആരോപിച്ചു.
പ്രധാനമന്ത്രിയുടെ റാലിക്ക് 70000 പേര്‍ എത്തുമെന്ന് പറഞ്ഞതനുസരിച്ച് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കിയിരുന്നെന്നും എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയതെന്നും പഞ്ചാബ് മുഖ്യമന്ത്രി നേരത്തെ തുറന്നടിച്ചിരുന്നു.
‘70000 പേര്‍ക്കൊരുക്കിയ വേദിയില്‍ 700 പേര്‍’ മാത്രം എത്തിയെന്ന കാര്യത്തെ ഉയര്‍ത്തിപ്പിടിച്ച് പഞ്ചാബ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.