| Friday, 8th March 2019, 3:04 pm

വനങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു; ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ പാക്കിസ്ഥാനില്‍ എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ പാക്കിസ്ഥാനില്‍ എഫ്.ഐ.ആര്‍. പാക്കിസ്ഥാന്‍ വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ഖൈബര്‍-പക്തുങ്വാ പ്രവശ്യത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ വ്യാപകമായി മരങ്ങള്‍ നശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

“” ഇന്ത്യന്‍ ജെറ്റുകള്‍ ബോംബാക്രമണം നടത്തിയപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട 19 തരം മരങ്ങളാണ് അതില്‍ തകര്‍ന്നതെന്ന് പാക് വനംവകുപ്പ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ യു.എന്നിലും പരാതി നല്‍കാനാണ് പാക്കിസ്ഥാന്റെ നീക്കം.


ബാബര്‍ തീവ്രവാദി: അബ്ദുള്‍ കലാമിന്റെ പേരില്‍ പള്ളി പണിയൂ; അയോധ്യയിലെ സന്യാസി


“”വലിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാതമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഉണ്ടായത്. ഡസന്‍ കണക്കിന് പൈന്‍ മരങ്ങളാണ് നശിച്ചുപോയത്. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി ഭീകരതയാണ് സംഭവിച്ചത്””- പാക് കാലാവസ്ഥാവ്യതിയാന മന്ത്രി മാലിക് അമീന്‍ പറഞ്ഞു.

ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ധുവും രംഗത്തെത്തി. നിങ്ങള്‍ തീവ്രവാദികളുടെ വേരറക്കുമെന്നാണോ അതോ മരങ്ങളുടെ വേരറക്കുമെന്നായിരുന്നോ പറഞ്ഞത്? എന്നായിരുന്നു സിദ്ധുവിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയ ജെയ്‌ഷെ കേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ യാതൊരു കേടുപാടും പറ്റാതെയുള്ള കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ വെളിവായിരുന്നു.

80 ശതമാനം ബോംബുകളും ലക്ഷ്യം കണ്ടുവെന്നാണ് ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തെ അറിയിച്ചിരുന്നത്. വ്യോമാക്രമണം നടന്നിട്ടുണ്ടെന്നും മരണസംഖ്യയെ കുറിച്ച് പറയേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നുമായിരുന്നു ഐ.എ.എഫ് ചീഫ് മാര്‍ഷ്യല്‍ ധനോവ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more