| Monday, 15th July 2024, 7:38 pm

ഭിന്നശേഷിക്കാരെ പരിഹസിച്ചെന്ന് പരാതി; യുവരാജ് സിങ് ഉള്‍പ്പടെ നാല് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഭിന്നശേഷിക്കാരെ പരിഹസിച്ചെന്നാരോപിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഗുര്‍കീരത് മാന്‍ എന്നിവര്‍ക്കെതിരെ കേസ്. നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ (എന്‍.സി.പിഇ.ഡി.പി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍മാന്‍ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ സന്ധ്യ ദേവനാഥനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് ലംഘിച്ചുകൊണ്ടുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്‌തെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

അമര്‍ കോളനി പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ സൈബര്‍ സെല്ലിന് പരാതി കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഫൈനലില്‍ പാക്കിസ്ഥാന്‍ ചാമ്പ്യന്‍മാരെ അഞ്ച് വിക്കറ്റിന് ഇന്ത്യ ചാമ്പ്യന്‍സ് തോല്‍പ്പിച്ചതിന് പിന്നാലെയാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.വീഡിയോയില്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, റെയ്‌ന എന്നിവര്‍ മുടന്തുന്നതും മുതുകില്‍ പിടിച്ച് നില്‍ക്കുന്നതും കാണാം. മത്സരത്തിന് പിന്നാലെ ശരീരത്തിലാകെ പരിക്കാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സംഘടന വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. ഭിന്നശേഷിക്കാരെ അപമാനിക്കുന്ന വീഡിയോ ആണ് താരങ്ങള്‍ പങ്കുവെച്ചതെന്ന് സംഘടന പറഞ്ഞു.

ഇന്‍സ്റ്റഗ്രാം അതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. വീഡിയോ ഓരോ വ്യക്തിക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ നഗ്നമായ ലംഘനമാണെന്നും പരാതിയില്‍ ആരോപിച്ചു. താരങ്ങള്‍ ക്ഷമാപണം നടത്തിയാല്‍ പ്രശ്‌നം അവസാനിക്കില്ലെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: FIR filed against Yuvraj, 3 ex-cricketers for ‘mocking’ PwDs

We use cookies to give you the best possible experience. Learn more