ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ യൂട്യൂബര്‍ അജിത് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍. അജിത് ഭാരതിയുടെ ഒരു യൂട്യൂബ് വീഡിയോ ചൂണ്ടിക്കാട്ടിയാണ് പരാതി. അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് ബാബരി മസ്ജിദ് പണിയുമെന്ന് രാഹുല്‍ പറഞ്ഞുവെന്നാണ് വീഡിയോയിലെ ഉള്ളടക്കം.
പരാമര്‍ശം സമൂഹത്തില്‍ വിദ്വേഷം പൊട്ടിപുറപ്പെടുന്നതിനും രാഹുലിന് മാനനഷ്ടം ഉണ്ടാകുന്നതിനും കാരണമായെന്നുമാണ് പരാതി. അഭിഭാഷകനും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലീഗല്‍ സെല്‍ സെക്രട്ടറിയുമായ ബി.കെ. ബൊപ്പണ്ണയുടെ പരാതിയിലാണ് നടപടി. കര്‍ണാടക പൊലീസിന്റേതാണ് നീക്കം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 505 (2) വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം തന്റെ അടുത്ത അനുയായികളുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി രാമക്ഷേത്രം തകര്‍ക്കുമെന്ന് പറഞ്ഞുവെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനെ ഉദ്ധരിച്ച് അജിത് ഭാരതി പറയുന്നത്.
‘ഇന്ത്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങള്‍ സൂപ്പര്‍ പവര്‍ കമ്മീഷന്‍ രൂപീകരിച്ച് രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിധിയില്‍ മാറ്റം വരുത്തും,’ എന്ന് ആചാര്യ പ്രസാദ് പറഞ്ഞുവെന്നാണ് അജിത് ഭാരതി പരാമര്‍ശിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി ഷാ ബാനോ വിധി മാറ്റിയതുപോലെയായിരിക്കും ഇതെന്നും ആചാര്യയെ ഉദ്ധരിച്ച് അജിത് പറഞ്ഞു.
അതേസമയം അജിത് ഭാരതിയുടെ പരാമര്‍ശങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനും ഫാക്റ്റ് ചെക്കറുമായ മുഹമ്മദ് സുബൈര്‍ രംഗത്തെത്തി. രാമക്ഷേത്രം നീക്കം ചെയ്യുമെന്നും ബാബരി മസ്ജിദ് തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി ഏത് പ്രസംഗത്തില്‍, എപ്പോഴാണ് പറഞ്ഞതെന്ന് സുബൈര്‍ എക്സില്‍ ചോദിച്ചു. അജിത് ഭാരതിയുടെ പ്രസ്തുത വീഡിയോ എക്സില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.
ബി.ജെ.പി തങ്ങളെ സംരക്ഷിക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ പ്രതിപക്ഷം യാതൊരു വിധത്തിലുള്ള നടപടിയെടുക്കില്ലെന്നും അറിയാവുന്നതിനാലാണ് ഇവര്‍ തെറ്റായ വിവരങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നതെന്നും സുബൈര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇപ്പോള്‍ സുബൈറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്,. അജിത് ഭാരതിക്കെതിരെ മനഃപൂര്‍വം തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാണ് വിമര്‍ശനം. അജിത് ഭാരതിക്ക് പിന്തുണയറിയിച്ച് നിരവധി ആളുകളാണ് എക്സില്‍ പ്രതികരിക്കുന്നത്.
Content Highlight: FIR filed against YouTuber Ajit Bharti for defaming Congress leader Rahul Gandhi