സാനിറ്ററി പാഡിന് മേല്‍ ശ്രീകൃഷ്ണന്റെ ചിത്രം സ്ഥാപിച്ചുകൊണ്ട് സിനിമാ പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശ് പൊലീസാണ് സംവിധായകനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.
മാസൂം സവാല്‍ (Masoom Sawaal) എന്ന സിനിമയുടെ പോസ്റ്ററിനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദുരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന പ്രസിഡന്റ് അമിത് റാത്തോറിന്റെ പരാതിയിന്മേലാണ് കേസ്.
‘മതവികാരം വ്രണപ്പെടുത്തി’ എന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ഉപാധ്യായ്, നിര്‍മാതാവ് രഞ്ജന ഉപാധ്യായ്, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ശ്രീകൃഷ്ണനെ സാനിറ്ററി പാഡില്‍ കാണിക്കുന്ന രീതിയില്‍ മാസൂം സവാലിന്റെ നിര്‍മാതാവ് പോസ്റ്റര്‍ പുറത്തുവിട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.
View this post on Instagram
‘ശ്രീകൃഷ്ണന്റെ ചിത്രം സാനിറ്ററി പാഡില്‍ ആലേഖനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെക്കും,’ എന്നാണ് അമിത് റാത്തോര്‍ പരാതിയില്‍ ആരോപിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ ‘സനാതന ധര്‍മ’ത്തിന്റെ അനുയായികളുടെ മതവികാരത്തെ തകര്‍ത്തുവെന്നും ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് കലാപത്തിന് കാരണമായേക്കുമെന്നും പരാതിയില്‍ പറയുന്നു.