തിരുവനന്തപുരം: സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, അടൂര്‍പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമിയായ തണ്ണീര്‍ത്തടം നികത്തി ആധുനിക ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതില്‍ അഴിമതി നടന്നെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയിലാണ് കുഞ്ഞാലിക്കുട്ടിക്കും അടൂര്‍പ്രകാശിനുമെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, അഴിമതി നിരോധന നിയമ പ്രകാരം ഔദ്യോഗിക പദവിയിലിരുന്നു ക്രമക്കേട് നടത്തുക, പദവി ദുരുപയോഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് വിവാദ ഭൂമിദാന ഉത്തരവിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അഴിമതിയാരോപണം ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.