ബെംഗളുരു: ബംഗളുരുവില്‍ ഡെലിവറി ബോയ് മൂക്കിടിച്ചു തകര്‍ത്തുവെന്ന പരാതിയുമായി യുവതി രംഗത്തെത്തിയ സംഭവത്തില്‍ യുവതിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.
ബെംഗളുരു ഇലക്ട്രോണിക് സിറ്റി പൊലീസാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 355, 504, 506 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എ.എന്‍.ഐയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് പത്തിനാണ് സൊമാറ്റോയില്‍ ഡെലിവറിയ്ക്കായി വന്നയാള്‍ ആക്രമിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും യൂ ട്യൂബറുമായ ഹിതേഷ ചന്ദ്രനീ രംഗത്തെത്തിയത്. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായും ഹിതേഷ പറഞ്ഞിരുന്നു.
Karnataka: FIR filed against Hitesha Chandrani, who had accused Zomato delivery boy Kamaraj of attacking her, at Bengaluru’s Electronic City Police Station under Section 355 (assault), 504 (insult) & 506 (criminal intimidation) of IPC; FIR registered on Kamaraj’s complaint
— ANI (@ANI) March 15, 2021
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിനാണ് കാമരാജ് എന്ന ഡെലിവറി ബോയ് ആക്രമിച്ചതെന്ന് ഹിതേഷ പറഞ്ഞിരുന്നു.
മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഹിതേഷ പറഞ്ഞു. അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഹിതേഷയുടെ ചികിത്സയ്ക്ക് സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഹിതേഷയുടേത് വ്യാജ പരാതിയാണെന്ന് ആരോപിച്ച് അറസ്റ്റിലായ സൊമാറ്റോ ഡെലിവറി ബോയ് കാമരാജ് രംഗത്തെത്തിയിരുന്നു.
ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ യുവതി ദേഷ്യപ്പെട്ടുവെന്നും ട്രാഫിക് ബ്ലോക്കില്‍പ്പെട്ടുപോയതുകൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചിരുന്നുവെന്നും കാമരാജ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
പക്ഷേ അവര്‍ തന്നോട് കയര്‍ത്തു സംസാരിക്കുകയും ഭക്ഷണത്തിന്റെ പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടുകയാണ് എന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെ അവരുടെ ഓര്‍ഡര്‍ ക്യാന്‍സലായിപ്പോയി.
‘ഭക്ഷണം തിരികെ തരാനും യുവതി വിസമ്മതിച്ചു. ഞാന്‍ തിരികെപോയപ്പോള്‍ യുവതി പിന്നാലെ വന്ന് ലിഫ്റ്റിനടുത്തുവെച്ച് എന്നെ ചീത്തവിളിക്കുകയും, അവരുടെ ചെരുപ്പ് എനിക്കു നേരെ വലിച്ചെറിയുകയും ചെയ്തു.
എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കയ്യിലിടിച്ചതും അവരുടെ മോതിരം മൂക്കില്‍കൊണ്ട് ചോര വന്നതും’, എന്നായിരുന്നു കാമരാജ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: FIR filed against Hitesha Chandrani, who had accused Zomato delivery boy Kamaraj of attacking her