മുംബൈ: പകര്‍പ്പാവകാശ ലംഘനം ആരോപിച്ച് ഗൂഗിളിനും സി.ഇ.ഒ സുന്ദര്‍ പിച്ചൈക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് നടപടി.
സുന്ദര്‍ പിച്ചൈക്ക് പുറമെ ഗൂഗിളിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥരെ കൂടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുംബൈ പൊലീസ് ബുധനാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം അന്ധേരിയിലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിനിമാ സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. ഗൂഗിള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുനീല്‍ ദര്‍ശന്‍ കോടതിയെ സമീപിച്ചിരുന്നു.
തന്റെ ‘ഏക് ഹസീന ഥി, ഏക് ദീവാന ഥാ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിനെതിരെയായിരുന്നു ദര്‍ശന്‍ കോടതിയെ സമീപിച്ചത്.
തന്റെ സിനിമകളും അതിലെ ദൃശ്യങ്ങളും ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ യുട്യൂബില്‍ നിന്നും നീക്കം ചെയ്യണം എന്ന 2019ലെ കോടതി ഉത്തരവിനെ മറികടന്ന് സിനിമയിലെ ദൃശ്യങ്ങള്‍ ഇപ്പോഴും യുട്യൂബിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ദര്‍ശന്‍ ആരോപിക്കുന്നത്.