പാട്‌ന: വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയതെന്ന കേസില്‍ കേന്ദമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകനടക്കം എട്ടു ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍. ബീഹാറിലെ ഭാഗല്‍പൂര്‍ സംഘര്‍ഷത്തിലാണ് എഫ്.ഐ.ആര്‍.
രണ്ട് ദിവസം മുന്‍പാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കലാപമഴിച്ചുവിട്ടത്.
ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി അശ്വിനി കുമാറിന്റെ മകനുമായ അരിജിത് ശാസ്വത് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. അരിജിതിന്റെ റാലിയ്ക്ക് മുന്‍കൂറായി അനുവാദം വാങ്ങിയിരുന്നില്ലെന്നും ഭാഗല്‍പൂര്‍ ഡി.ഐ.ജി വികാസ് വൈഭവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അരിജിതിനെക്കൂടാതെ അഭയ് കുമാര്‍ ഘോഷ്, പ്രമോദ് വര്‍മ്മ, ദേവ്കുമാര്‍ പാണ്ഡെ, നിരഞ്ജന്‍ സിംഗ്, സഞ്ജയ് സിംഗ്, സുരേന്ദ്ര പഥക്, അനൂപ് ലാല്‍ സാഹ, പ്രണവ് സാഹ തുടങ്ങിയ പ്രാദേശിക ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുക തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.
നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിമാരുടെ വര്‍ഗീയത വളര്‍ത്തുന്ന പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
അരാരിയ ഉപതിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ജയിച്ചാല്‍ മണ്ഡലം തീവ്രവാദികളുടെ കേന്ദ്രമാകുമെന്ന ഗിരിരാജ് സിംഗിന്റെ പരാമര്‍ശത്തിനെതിരെയാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്.
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗിനും അശ്വിനി ചൗബേയ്ക്കുമെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം ബിഹാര്‍ നിയമസഭയില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Watch This Video