ന്യൂദല്‍ഹി: മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നാരോപിച്ച് നിരവധി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താക്കള്‍ക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍. മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകളും സ്‌ക്രീന്‍ഷോട്ടുകളും ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് ലഭിച്ചുവെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മന്‍ജീദ് ചഗ് എന്ന വ്യക്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത്തരം അക്കൗണ്ടുകളെപ്പറ്റി കൂടുതല്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ഇവയ്ക്ക് ബ്ലോക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
പിന്നീട് കേസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇത്തരം പ്രചരണം നടത്തിയ പേരറിയാത്ത നിരവധി പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചില വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് ഇതെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്തരം പ്രചരണം നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 153 എ പ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രചരണം നടത്തിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‌തെന്നും ഉപയോക്താക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കമ്പനി അധികൃതരില്‍ നിന്ന് ശേഖരിക്കുമെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: FIR Aganist Instagram Users For Spreading Religious Enmity