തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് നാളെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ശിവകുമാറിന് പുറമേ മൂന്ന് പേരെക്കൂടി കേസില്‍ പ്രതിചേര്‍ക്കും. ഒരു ബന്ധുവിനെയും രണ്ട് പേഴ്സണല്‍ സ്റ്റാഫിനെയുമാണ് പ്രതി ചേര്‍ക്കുകയെന്നാണ് സൂചന.
തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് ആഭ്യന്തര അഡിഷനല്‍ സെക്രട്ടറിയായിരുന്നു സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്‌സണല്‍ സ്റ്റാഫും അടക്കം എഴുപേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇതില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.
ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആര്‍ വേണുഗോപാലായിരുന്നു പരാതിക്കാരന്‍.
അതേസമയം മുന്‍പ് അന്വേഷിച്ചു തള്ളിയ പരാതിയാണ് ഇതെന്നും സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും വി.എസ്.ശിവകുമാര്‍ പ്രതികരിച്ചിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നു സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൂട്ടിലായപ്പോള്‍ ശ്രദ്ധതിരിക്കാനാണ് അന്വഷണത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്വേഷണത്തോടു സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ