| Sunday, 31st January 2021, 7:58 pm

'ദ വയര്‍' എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ദ വയറില്‍ പ്രസിദ്ധീകരിച്ച ലേഖനം സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പ്രകോപനപരമാണെന്ന് ആരോപിച്ചാണ് യു. പി പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് വെടിവെയ്പില്‍ മരിച്ച കര്‍ഷകനായ നവ്‌രീത് സിംഗിന്റെ കുടുംബത്തിന്റെ പ്രതികരണം അടങ്ങിയതായിരുന്നു വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. കര്‍ഷകനായ നവരീത് ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന പൊലീസിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കുടുംബത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 ബി, 505 (2) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ റാംപൂര്‍ സ്വദേശിയായ സഞ്ജു തുരാഹ എന്നയാളാണ് സിദ്ധാര്‍ത്ഥിനെതിരെ പരാതി നല്‍കിയതെന്നാണ് വിവരം.

പൊതുജന വികാരത്തെ വ്രണപ്പെടുത്തി അക്രമമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സിദ്ധാര്‍ത്ഥ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചിതിലൂടെ ഉദ്ദേശിച്ചതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

നേരത്തെ കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച എം. പി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ വിനോദ് കെ ജോസ്, രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ടുപേര്‍ക്കെതിരെയും യു.പി പൊലീസ് രാജ്യദ്രോഹകുറ്റമടക്കം ആരോപിച്ച് കേസെടുത്തിരുന്നു.

ഉത്തര്‍പ്രദേശിന് പുറമെ ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: FIR against ‘The Wire’ editor Siddharth Varadarajan in UP for tweeting article on farmer’s death

We use cookies to give you the best possible experience. Learn more