ലഖ്‌നൗ: യു.പിയില്‍ പുതുതായി ആരംഭിച്ച ലുലു മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ കേസ്. മാള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാളിലേത് എന്ന പേരില്‍ മുസ്‌ലിം വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിന്ദുത്വ വാദികളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മാളിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. അനുവാദമില്ലാതെ ചിലര്‍ മാളിലെത്തി പ്രര്‍ത്ഥന നടത്തിയെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.
മാളിലെ ജീവനക്കാരനോ തൊഴിലാളിയോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
നമസ്‌കാരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഹിന്ദുത്വ വാദികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം.
മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നുകൊടുത്ത ലുലുമാളില്‍ മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിങ്ങളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ്,’ എന്നാണ് തീവ്ര ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.
മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ ട്വറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
Content Highlight: FIR against the unknown people dong namaz in lulu mall