കോഴിക്കോട്: മുസ്ലിം മത വിഭാഗത്തിനെ അധിക്ഷേപിച്ച സംഭവത്തില്‍ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസ് കേസെടുത്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്.
മാര്‍ച്ച് 11 ന് സീ ടി.വി ന്യൂസില്‍ സുധീര്‍ ചൗധരി അവതരിപ്പിച്ച ഡി.എന്‍.എ എന്ന പരിപാടിക്കെതിരെയാണ് ഗവാസ് പരാതി നല്‍കിയത്. മുസ്ലിം മത വിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും, അതുവഴി മതസ്പര്‍ദ്ദ വളര്‍ത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമെന്നാണ് മാര്‍ച്ച് 17 ന് ഗവാസ് നല്‍കിയ പരാതിയില്‍ പറയുന്നത്.
മാര്‍ച്ച് 11 ന് സംപ്രേക്ഷണം ചെയ്ത ഡി.എന്‍.എ എന്ന പരിപാടിയില്‍ ഇന്ത്യയില്‍ വിവിധ ജിഹാദുകള്‍ ഉണ്ടെന്നും ജിഹാദ് ഇന്ത്യയെ വിഘടിപ്പിക്കുന്നവരുടെ കയ്യിലെ ആയുധമാണെന്നുമാണ് പറയുന്നത്. ജിഹാദിനെ രണ്ടായി തരം തിരിച്ചിട്ടുണ്ടെന്നും അത് കഠിനമായ ജിഹാദ്, സൗമ്യമായ ജിഹാദ് എന്നിങ്ങനെയാണെന്നുമാണ് ചൗധരി പറയുന്നത്.
സ്‌ക്രീനില്‍ ഒരു ഡയഗ്രം വരച്ചാണ് ജിഹാദിനെ കുറിച്ച് ചൗധരി വിശദീകരണം നടത്തുന്നത്.
‘സാമ്പത്തിക ജിഹാദില്‍ സാമ്പത്തിക ഇടപാടിന്റെ രൂപത്തിലാണ് ജിഹാദ് അനുഷ്ഠിക്കേണ്ടത്. ബിസിനസില്‍ എങ്ങനെ ധ്രുവീകരണം ഉണ്ടാക്കാം എന്ന് നോക്കണം’ ഇതിനു ശേഷം മാധ്യമ ജിഹാദ്. ഇതില്‍ പെയ്ഡ് ജേര്‍ണലിസ്റ്റുകളെ വശത്താക്കി ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത് എന്നും ചൗധരി പറയുന്നു.
സിനിമ/ സംഗീത ജിഹാദ് ഉണ്ടെന്നും സിനിമ, സംഗീതം തുടങ്ങിയവയിലൂടെ മുഗള്‍ കാലഘട്ടത്തെയും ഇസ്ലാമിനെയും ആകര്‍ഷകമാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് പറയുന്നത്. മതേതരത്വ ജിഹാദില്‍ ഇടത്, കമ്മ്യൂണിസ്റ്റ് ലിബറല്‍ നേതാക്കളെയും കൂടെ നിര്‍ത്തുന്നുണ്ടെന്നും ചൗധരി ആരോപിക്കുന്നു.
നാല് വിവാഹം കഴിക്കുകയും കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ജനസംഖ്യ ജിഹാദും നടത്തുന്നുണ്ടെന്നും ഭൂമി കൈവശപ്പെടുത്തി പള്ളികള്‍ നിര്‍മ്മിച്ചും മദ്രസകള്‍ വര്‍ദ്ധിപ്പിച്ചും അറബി പഠിപ്പിച്ചും ഇടപെടല്‍ നടത്തുക, ഇരകളാണ് എന്ന് പ്രചരിപ്പിക്കുന്നതിലൂടെ സംവരണം തട്ടിയെടുക്കുക എന്നതിലൂടെ ഭൂമി ജിഹാദ് നടത്തുന്നെന്നും ചൗധരിയുടെ പരിപാടിയില്‍ പറയുന്നു.
ഇതിനെതിരെയാണ് അഡ്വ. ഗവാസ് പരാതി നല്‍കുകയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയതത്. ചൗധരിയുടെ പരിപാടി മതപരമായ സ്പര്‍ദ്ദ വളര്‍ത്തുന്നതോടൊപ്പം ഒരു മതവിഭാഗത്തിന് നേരെ കൃത്യമായി പക ഉണര്‍ത്തുകയും പരോക്ഷമായി കലാപാഹ്വാനം നടത്തുകയുമാണ് ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഇത് ഭരണഘടനയുടെയും കൂടാതെ ഐ ടി ആക്ട് കേബിള്‍ ടി വി റെഗുലേഷന്‍ ആക്ട് 2018 എന്നിവ യുടേയും ലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പരിപാടിക്കും സുധീര്‍ ചൗധരിക്കുമെതിരെ IPC 295 A പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയതതോടെ കേസ് എടുത്ത നടപടിയെ പരിഹസിച്ച് ചൗധരി ട്വിറ്ററിലൂടെ രംഗത്ത് എത്തി. തനിക്കു ലഭിച്ച പുലിറ്റ്സര്‍ പുരസ്‌ക്കാരം എന്നാണ് സുധീര്‍ ചൗധരി എഫ്.ഐ.ആറിനെ വിശേഷിപ്പിച്ചത്.
കേസ് കൊടുത്തതിന് പിന്നാലെ തന്നെ നിരവധിയാളുകള്‍ വിളിക്കുകയും കേസ് കൊടുക്കാന്‍ നിങ്ങള്‍ ആരാണ് എന്നും എന്താണ് പ്രശ്‌നമെന്നും ചോദിച്ചെന്നും അഡ്വ. ഗവാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണ് ഇതെന്നും മുസ്ലിം മത വിഭാഗത്തെ അധിക്ഷേപിക്കാനും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ മറ്റു വിഭാഗങ്ങളുടെ വിദ്വേഷം വളര്‍ത്താനാണ് ചൗധരി ഇത്തരത്തില്‍ ഒരു പരിപാടി നടത്തിയതെന്നും ഗവാസ് ആരോപിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തിനെ തുടര്‍ന്ന് സുധീര്‍ ചൗധരിയെ പിന്തുണച്ച് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍ രംഗത്ത് എത്തുകയും ചെയ്തു. പത്ര സ്വാതന്ത്ര്യത്തിന് എതിരെയുള്ള കേരള സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ഇതെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം.
രാജ്യത്ത് കൊറോണ ഭീഷണി ഉയര്‍ന്ന് തുടങ്ങിയ മാര്‍ച്ച് 11 ന് ആണ് ഈ പരിപാടി സീ ന്യൂസില്‍ സംപ്രേക്ഷണം ചെയ്തത്. പരാതിയില്‍ ഉറച്ചു നില്‍ക്കാനും കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കപ്പെട്ട തുടര്‍ നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് തന്റെ തീരുമാനമെന്നും ഗവാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുധീര്‍ ചൗധരിയുടെ ജിഹാദ് ആരോപണങ്ങള്‍ വര്‍ഷങ്ങളായി വിവിധ മുസ്ലിം വിരുദ്ധ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്നുകൊണ്ടിരിക്കുന്നതാണ്. തീവ്ര ഹിന്ദുത്വ നിലപാട് മുന്നോട്ട് വെയ്ക്കുന്ന ബാന്‍ ഹലാല്‍ എന്ന മുസ്ലിം വിരുദ്ധ പേജിലും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പരാമര്‍ശങ്ങള്‍ വന്നിരുന്നു.