ഭോപ്പാല്‍: അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് നടി ശ്വേത തിവാരിക്കെതിരെ എഫ്.ഐ.ആര്‍. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭോപ്പാലിലെ ശ്യാംല ഹില്‍സ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 295 (എ) വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
തന്റെ പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് വിവാദത്തിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലില്‍ ശ്വേത തിവാരി വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന് ശ്വേത പറഞ്ഞിരുന്നു.
മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ഈ പരാമര്‍ശം. ഇതിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഇതോടെ നടിയുടെ പരാമര്‍ശം ദൈവനിന്ദയാണെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തി. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇക്കൂട്ടരുടെ ആവശ്യം. ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.