മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് സർക്കാർ ആശുപത്രിയിൽ രോഗികൾ കൂട്ടത്തോടെ മരണപ്പെട്ട സംഭവത്തിന് പിന്നാലെ ആശുപത്രി ഡീനിനെ കൊണ്ട് ശിവസേന എം.പി കക്കൂസ് കഴുകിച്ചെന്ന് പരാതി.
നന്ദേഡിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രി ഡീനിനെ നിർബന്ധപൂർവ്വം മൂത്രപ്പുര കഴുകിച്ചതിന് ശിവസേന എം.പി ഹേമന്ത് പാട്ടീലിനെതിരെ കേസെടുത്തു. പട്ടികജാതി, പട്ടികവർഗ നിയമപ്രകാരവും മെഡിക്കൽ സേവന വ്യക്തി, സ്ഥാപന നിയമപ്രകാരവുമാണ് കേസെടുത്തത്.
ഹേമന്ത് പാട്ടീൽ ഡീനിനെ കൊണ്ട് മൂത്രപുര കഴുകിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Shiv Sena (Shinde faction) MP Hemant Patil makes Hospital Dean clean toilet after 24 people die in 24 hours.
MP is seen spraying water! pic.twitter.com/1FSv5K6onH
— Karthik Reddy (@bykarthikreddy) October 3, 2023
സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ടെന്നും എന്നാൽ ആശുപത്രി അധികൃതർ മൂത്രപ്പുരകൾ കഴുകുന്നില്ലെന്നും വെള്ളം ലഭ്യമാക്കുന്നില്ലെന്നും ഹേമന്ത് പാട്ടീൽ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ വീണ്ടും നാല് രോഗികൾകൂടി മരണപ്പെട്ടു. ആകെ 35 രോഗികളാണ് ഇതുവരെ മരണപ്പെട്ടത്.
അതേസമയം പാട്ടീലിന്റെ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര റെസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷൻ രംഗത്ത് വന്നു. എം.പി നിരുപാധികമായി മാപ്പ് പറയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
മികച്ച ആരോഗ്യ സുരക്ഷ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം ആരോഗ്യ പ്രവർത്തകരെ ബലിയാടാക്കുകയാണെന്ന് ഡോക്ടേഴ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
‘ആവശ്യത്തിന് സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തങ്ങളാൽ കഴിയുന്ന വിധം രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ച ഡോക്ടർമാരും ആശുപത്രി അധികൃതരും ഈ സംഭവത്തിന് ശേഷം നിരാശരാണ്,’ അസോസിയേഷൻ അറിയിച്ചു.
പട്ടാപ്പകലാണ് ഡീനിനെക്കൊണ്ട് കക്കൂസ് കഴുകിച്ചതെന്നും രാഷ്ട്രീയ നേട്ടത്തിനായി മാധ്യമങ്ങളുടെ മുന്നിൽ വച്ച് തന്നെ മനപ്പൂർവം ചെയ്യിപ്പിക്കുകയായിരുന്നു എന്നും അസോസിയേഷൻ ആരോപിച്ചു.
മതിയായ മെഡിക്കൽ സംവിധാനങ്ങളും സ്റ്റാഫുകളും ജീവൻ രക്ഷാ മരുന്നുകളും ഇല്ലാത്തതാണ് ആശുപത്രിയിലെ കൂട്ടമരണങ്ങൾക്ക് കാരണം എന്നും മഹാരാഷ്ട്ര റെസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 16 കുട്ടികൾ ഉൾപ്പെടെ 31 പേർ 48 മണിക്കൂറിനിടയിൽ മരണപ്പെട്ടത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മരണസംഖ്യ വർധിക്കുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്.
Content Highlight: FIR against Shiv Sena MP who made dean clean toilet at Nanded hospital; Death toll increases