ദേഹമാസകലം മോദി: മോദിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ച രാഖി സാവന്തിനെതിരെ എഫ്.ഐ.ആര്‍
Daily News
ദേഹമാസകലം മോദി: മോദിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ച രാഖി സാവന്തിനെതിരെ എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2016, 9:00 am

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രജീഷ് തിവാരി എന്ന അഭിഭാഷകനാണ് രാഖി സാവന്തിനെതിരെ പരാതി നല്‍കിയിരുന്നത്


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ച ബോളിവുഡ് താരം രാഖി സാവന്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെ്തു.

കന്‍ക്രോളി പോലീസാണ് അശ്ലീലം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതിനും പ്രധാനമന്ത്രിയെ അപമാനിച്ചതിനും രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രജീഷ് തിവാരി എന്ന അഭിഭാഷകനാണ് രാഖി സാവന്തിനെതിരെ പരാതി നല്‍കിയിരുന്നത്. മോദിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിലൂടെ സാവന്ത്  പ്രധാനമന്ത്രിയെ അവഹേളിക്കുന്നതായായിട്ടായിരുന്നു പരാതിക്കാരന്റെ ആരോപണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ഒപ്പം സ്ത്രീകള്‍ അശ്ലീലകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമവും അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു


Dont Miss എനിക്കു മോദിയെ ഇഷ്ടമാണ്; ഈ വസ്ത്രം ധരിക്കാന്‍ അനുമതിയും ലഭിച്ചതാണ്: വിമര്‍ശകരോട് രാഖി സാവന്ത്


കഴിഞ്ഞ ഓഗസ്റ്റില്‍ ഓസ്‌ട്രേലിയന്‍ യാത്രയിലാണ് രാഖി സാവന്ത് മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചത്. വസ്ത്രത്തിലുടനീളം മോദിയുടെ ചിത്രം പതിച്ചിരുന്നു.

സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി രാഖി തന്നെ രംഗത്തെത്തിയിരുന്നു

“എല്ലാ ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രിയുടെ മേല്‍ അവകാശമുണ്ട്. അമേരിക്കയില്‍ പല സ്ത്രീകളും അവരുടെ കൊടി ടുപീസായി ധരിക്കാറുണ്ട്. ഞാന്‍ അതൊന്നും ചെയ്തിട്ടില്ലല്ലോ. എനിക്കു മോദിയെ ഇഷ്ടമാണ്. ബി.ജെ.പിയെ ഇഷ്ടമാണ്. ഈ വസ്ത്രം അമിത് ഷായുടെ സഹായികള്‍ക്ക് അയച്ചുനല്‍കുകയും അനുമതി തേടുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചശേഷമാണ് ഈ വസ്ത്രം ധരിച്ചത്.”- ഇതായിരുന്നു രാഖിയുടെ വാക്കുകള്‍.

രാഖി ധരിച്ച വസ്ത്രത്തില്‍ മുന്‍ ഭാഗത്തും പിന്‍ഭാഗത്തും പ്രധാനമന്ത്രിയുടെ ചിത്രം വെച്ച രീതിയാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമാണിതെന്ന് പറഞ്ഞ് ചിലര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു..

ദേശസ്‌നേഹം തെളിയിക്കാനാണ് രാഖി ഇത്തരമൊരു വസ്ത്രം ധരിച്ചതെന്ന വാദങ്ങളും ഉയര്‍ന്നു. അതേസമയം ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടി രാഖി കാണിക്കാറുള്ള പതിവ് തന്ത്രം മാത്രമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.