ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കര്‍ഷകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ട്രെയിനി ഐ.എ.എസ് ഓഫീസറുടെ മാതാവിനെതിരെ എഫ്.ഐ.ആര്‍. കര്‍ഷകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ക്യാബിനും വീടും ആവശ്യപ്പെട്ട് വിവാദത്തിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജാ ഖേദ്കറിന്റെ മാതാവ് മനോരമക്കെതിരെയാണ് കേസ്. അധികാര ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടി പൂജാ ഖേദ്കറെ പൂനൈയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പൂനെയിലെ മുല്‍ഷി താലൂക്കിലെ ഒരു പ്രാദേശിക കര്‍ഷകനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. സ്ഥലസംബന്ധമായ തര്‍ക്കമാണ് ഭീഷണിക്ക് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മനോരമ ഖേദ്കറിനെതിരെ ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) സെക്ഷന്‍ 323, 504, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൂജയുടെ പിതാവായ ദിലീപ് ഖേദ്കറിനും മറ്റു അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, പ്രതികള്‍ പൊലീസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുകയാണെന്ന് പൂനെ റൂറല്‍ എസ്.പി പങ്കജ് ദേശ്മുഖ് പറഞ്ഞു. പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും മനോരമ ഉപയോഗിച്ചിരുന്ന തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പങ്കജ് ദേശ്മുഖ് ചൂണ്ടിക്കാട്ടി.
ലോക്കല്‍ ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുള്‍പ്പെടെയാണ് ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കര്‍ഷകനെ ഭീഷണിപ്പെടുത്തിയതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: FIR against mother of trainee IAS officer for threatening farmer with gun