അദ്വാനിക്ക്‌ ഭാരതരത്ന; വിമർശനത്തിന് പിന്നാലെ മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലേക്കെതിരെ എഫ്.ഐ.ആർ, കാർ തകർത്ത് ബി.ജെ.പി പ്രവർത്തകർ
national news
അദ്വാനിക്ക്‌ ഭാരതരത്ന; വിമർശനത്തിന് പിന്നാലെ മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലേക്കെതിരെ എഫ്.ഐ.ആർ, കാർ തകർത്ത് ബി.ജെ.പി പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th February 2024, 9:01 am

പൂനെ: ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക്‌ ഭാരതരത്ന നൽകാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് എക്‌സിൽ പോസ്റ്റിട്ട മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലേക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് പൂനെ പൊലീസ്.

ഭാരതീയ ജനതാ പാർട്ടി നേതാവ് സുനിൽ വിശ്രാംബാഗ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം നിഖിൽ വാഗ്ലേ സഞ്ചരിച്ച കാറിന് നേരെ ബി.ജെ.പി പ്രവർത്തകർ അക്രമണം നടത്തിയിരുന്നു. നിഖിൽ വാഗ്ലേയും അസീം സരോദും വിശ്വംഭർ ചൗധരിയും സഞ്ചരിച്ച കാറിന് നേരെ ബി.ജെ.പി പ്രവർത്തകർ മഷി എറിഞ്ഞതായാണ് ഡെ ക്കാൻ പൊലീസ് പറഞ്ഞത്.

ഇതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിഷേധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പൂനെയിലെ ഖണ്ഡോജി ബാബ ചൗക്കിൽ വെച്ചാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലെ സഞ്ചരിച്ചിരുന്ന കാർ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ ആക്രമിച്ചത്.

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം എൽ.കെ.അദ്വാനി നേടിയതിന് പിന്നാലെ പ്രധാനമന്ത്രിക്കും അദ്വാനിക്കെതിരെയും നിഖിൽ വാഗ്ലെ നടത്തിയ പരാമർശങ്ങൾ ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

പൊലീസ് സംരക്ഷണത്തിൽ സഞ്ചരിച്ച കാറിന് നേരെയാണ് അക്രമണം ഉണ്ടായത്. സിംഘാഡ് റോഡിൽ രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച നിർഭയ് ബാനോ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നിഖിൽ വാഗ്ലെയും സംഘവും.

സംഭവത്തെ കുറിച്ച് പ്രതികരിച്ച ശിവസേന( ഉദ്ധവ് ബാലാസാഹേബ് താക്കർ) എം. പി സഞ്ജയ്‌ റാവത്ത്, നിരവധി മഹാ വികാസ് അഘാഡി വനിതാ പ്രവർത്തകരെ ബി.ജെ.പി ഗുണ്ടകൾ മർദിക്കുകയും മുട്ടയും കല്ലും ഇഷ്ടികയും എറിഞ്ഞതായും ആരോപിച്ചു. പൂനെ പൊലീസ് കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

‘മുതിർന്ന മാധ്യമ പ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാർ അടിച്ചു തകർത്തു, മഷിയും മുട്ടയും എറിഞ്ഞു. മഹാരാഷ്ട്രയിലെ നിർഭാഗ്യരായ പെണ്മക്കളെ മുറിവേൽപ്പിച്ചു. മഹാരാഷ്ട്ര നിങ്ങളോട് ക്ഷമിക്കില്ല,’ സഞ്ജയ്‌ റാവത്ത് എക്സിൽ കുറിച്ചു.

നിഖിൽ വാഗ്ലേക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി എൻ. സി.പിയിലെ ശരദ് പവാർ വിഭാഗത്തിലെ സുപ്രിയ സുലെ പറഞ്ഞു.

‘ ഇതൊരു വ്യക്തിക്ക് നേരമുള്ള ആക്രമണം മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്.

ബി.ജെ.പി ഭരണത്തിന് കീഴിൽ മഹാരാഷ്ട്രയിലെ ക്രമസമാധാന നില വഷളാവുന്നത് ഭയാനകവും തീർച്ചയായും ശ്രദ്ധ ആവശ്യമുള്ളതുമാണ്,’സുപ്രിയ സുലെ പറഞ്ഞു.

Content Highlight: FIR Against Journalist  Nikhil Wagle And His Car Attcked By Bjp