ഡെറാഡൂണ്‍: പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡെറാഡൂണിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ നല്‍കാനാവശ്യപ്പെട്ട് ട്വീറ്റു ചെയ്ത ഷെഹ്‌ല റാഷിദിനെതിരെ കേസ്. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന തരത്തില്‍ വ്യാജപ്രചരണമഴിച്ചുവിട്ടുവെന്നാരോപിച്ചാണ് ഷെഹ്‌ലയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡെറാഡൂണിലെ ഹോസ്റ്റലില്‍ 20 ഓളം കശ്മീരി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. കശ്മീരികള്‍ ഡെറാഡൂണ്‍ വിട്ടുപോകണമെന്നാവശ്യപ്പെട്ട് ഹോസ്റ്റലിനുമുമ്പില്‍ ഒരുകൂട്ടം പ്രതിഷേധിച്ച സാഹചര്യത്തില്‍ ഇവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ട്വീറ്റ്. പൊലീസ് സ്ഥലത്തുണ്ടായിട്ടും ആള്‍ക്കൂട്ടത്തെ തടയാനാവുന്നില്ലെന്നും അവര്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹം മാത്രമാണെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് പറയുന്നത്. ഹോസ്റ്റലില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസ് അവകാശവാദം.
Also read:പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കുഞ്ഞിരാമന്‍ എം.എല്‍.എ
ഇതിനു പിന്നാലെയാണ് ഷെഹ്‌ലയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. “ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ നീതി തേടിയതിന്റെ വില” എന്നു പറഞ്ഞാണ് ഷെഹ്‌ല ഈ എഫ്.ഐ.ആറിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
“ഉത്തരാഖണ്ഡ് പൊലീസ് എനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ ഡെറാഡൂണ്‍ വിടണമെന്ന് ഉത്തരവിട്ടുകൊണ്ട് ദേശീയ മാധ്യമങ്ങളോട് സംസാരിച്ച ബജ്രംഗദള്‍ കണ്‍വീനര്‍ വികാസ് വര്‍മ്മയ്‌ക്കെതിരെ അവര്‍ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.” അവര്‍ ചൂണ്ടിക്കാട്ടി.
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ സംബന്ധിച്ച റിപ്പോട്ടുകള്‍ തങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്ന് നിരവധി കശ്മീരി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പൗരന്മാരും സുരക്ഷിതരാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്.
ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരി വിദ്യാര്‍ഥികളോട് താമസസ്ഥലം വിട്ടുപോകാന്‍ പല വീട്ടുടമസ്ഥരും ആവശ്യപ്പെടുന്നുണ്ടെന്നാണ് ഡെറാഡൂണില്‍ പഠിക്കുന്ന ചില കശ്മീരി വിദ്യാര്‍ഥികള്‍ പറയുന്നത്.