| Thursday, 4th January 2018, 12:17 pm

പൂനെയിലെ ദളിത് പ്രക്ഷോഭം; ദളിതരെ പ്രകോപിപ്പിച്ചെന്നാരോപിച്ച് ജിഗ്നേഷിനും ഉമര്‍ ഖാലിദിനുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈ: പൂനെയിലെ ദളിത് കലാപവുമായി ബന്ധപ്പെട്ട് ദളിത് ആക്ടിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മെവാനിക്കും ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനുമെതിരെ കേസ്. “പ്രകോപനപരമായ പ്രസംഗത്തിലൂടെ സാമുദായിക സംഘര്‍ഷമുണ്ടാക്കി” എന്ന കുറ്റംചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൂനെ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പൂനെയിലെ ദളിത് സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ജിഗ്നേഷും ഉമര്‍ ഖാലിദുമാണെന്ന് ആരോപിച്ച് പൂനെയിലെ അക്ഷയ് ബിക്കാദ്, അനന്ത് ദോന്ത് എന്നീ യുവാക്കള്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്‌നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.

ജിഗ്നേഷിന്റെയും ഖാലിദിന്റെയും പ്രസംഗത്തിലെ ചില ഭാഗങ്ങളും എഫ്.ഐ.ആറില്‍ ഉദ്ധരിച്ചിട്ടുണ്ട്. “അഭിനവ പെഷവര്‍ക്കെതിരെ വിജയം നേടണമെങ്കില്‍ ഭീമ കൊറേഗാവ് യുദ്ധം നമ്മള്‍ മുന്നോട്ടുകൊണ്ടുപോകണം. ആ പോരാട്ടം ഏറ്റെടുക്കണം. ആ പോരാട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളണം. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലൂടെയല്ല ഇത് സംഭവിക്കേണ്ടത്. പൊതുജനങ്ങള്‍ക്കുവേണ്ടി പൊരുതുന്നവരില്‍ ചിലര്‍ ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭകളിലും പാര്‍ലമെന്റിലുമുണ്ടാവണം. എന്നാല്‍ ജാതിവിവേചനം തുടച്ചുമാറ്റാന്‍ തെരുവുകളിലെ പോരാട്ടത്തിലൂടെയേ കഴിയൂ.” എന്ന ജിഗ്നേഷിന്റെ വാക്കുകളാണ് എഫ്.ഐ.ആറില്‍ ഉദ്ധരിച്ചിരിക്കുന്നത്.

“ഭീമ കൊറേഗാവ് യുദ്ധം ഭാവിയിലും നമുക്കുണ്ടാക്കണം. അവര്‍ നമ്മളെ ആക്രമിച്ചു, ഇത് തിരിച്ചടിക്കാനുള്ള സമയമാണ്. നമ്മള്‍ പൊരുതുകയും ജയിക്കുകയും വേണം. ആ രക്തസാക്ഷികള്‍ക്കുള്ള ആദരവായിരിക്കും ഇത്. അഭിനവ പെഷവരുടെ അവസാനം കൊറേഗാവ് രക്തസാക്ഷികള്‍ക്കുള്ള ആദരവായിരിക്കും.” എന്ന ഉമര്‍ ഖാലിദിന്റെ വാക്കുകളും എഫ്.ഐ.ആറില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഈ വാക്കുകളാണ് കലാപത്തിനും കല്ലേറിനും വഴിവെച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

“ജനങ്ങളോട് തെരുവിലിറങ്ങാനും തിരിച്ചടിക്കാനും അദ്ദേഹം ജനങ്ങളെ പ്രകോപിപ്പിച്ചു. ഈ പ്രസ്താവന കാരണം ജനങ്ങള്‍ തെരുവിലിറങ്ങുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു” എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

പൂനെയില്‍ തിങ്കളാഴ്ച നടന്ന ദളിത് റാലിയ്‌ക്കെതിരെ കാവിയ്‌ക്കൊടിയുമായെത്തിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷത്തിനു വഴിവെച്ചത്.

തുടര്‍ന്നുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊറേഗാവ് ഭീമ യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലിയ്ക്കുനേരെയാണ് സംഘപരിവാര്‍ അതിക്രമമുണ്ടായത്. “ബ്രിട്ടീഷ് വിജയം” ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് സംഘപരിവാര്‍ ആക്രമണം തുടങ്ങിയത്.

28 കാരനായ രാഹുല്‍ ഫതന്‍ഗെയ്ല്‍ ആണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

വധു ബഡ്രക്കിനടുത്തുളള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കല്ലേറ് ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സനസ് വാടി, ശിക്രാപൂര്‍, പെര്‍നെ എന്നിവിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി.

ഡിസംബര്‍ 30ന് വധു ബഡ്രക്കിലുണ്ടായ സംഭവമാണ് സംഘര്‍ഷത്തിനുവഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. മറാത്താ രാജാവും ശിവജിയുടെ മകനുമായിരുന്ന ഗോവിന്ദ് ഗണപത് , ഗെയ്ക്വാദിന്റെ ശവകുടീരം ചില മേല്‍ജാതിക്കാര്‍ തകര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.

സംഘര്‍ഷത്തെ തുടര്‍ന്ന് പൂനെ- അഹമ്മദാബാദ് ഹൈവേ പൊലീസ് അടച്ചിരിക്കുകയാണ്. കലാപസ്ഥലത്തേക്ക് സ്റ്റേറ്റ് റിസേര്‍വ് പൊലീസ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംഘമെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

We use cookies to give you the best possible experience. Learn more