അനധികൃത സ്വത്ത് സമ്പാദനം: ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ കേസ്
Daily News
അനധികൃത സ്വത്ത് സമ്പാദനം: ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2015, 7:11 pm

veerabhadra-singh
ഹിമാചല്‍:  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങിനെതിരെ സി.ബി.ഐ കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി സിംഗിന്റെ വസതികളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തി. ദല്‍ഹി, ഹിമാചല്‍ എന്നിവിടങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉരുക്ക് മന്ത്രിയായിരിക്കെ 6.1 കോടിയുടെ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്. വീരഭഗ്രസിംഗിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭാ സിംഗ്, മക്കളായ വിക്രമാദിത്യ സിംഗ്, അപരാജിത സിംഗ്, എല്‍.ഐ.സി ഏജന്റ് ആനന്ദ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മുന്‍ എ.എ.പി നേതാവായിരുന്ന പ്രശാന്ത് ഭൂഷണിന്റെ കീഴിലുള്ള എന്‍.ജി.ഒയാണ് വീരഭദ്രസിംഗിനെതിരെ കേസ് നല്‍കിയിരുന്നത്. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടു. അതേ സമയം സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നേരത്തെ മറ്റൊരു അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് വീരഭദ്രസിംഗ് 2012ല്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നത്.